സോഷ്യൽ മീഡിയ; പുതിയ മാധ്യമ നിയമവുമായി കുവൈറ്റ്.
കുവൈറ്റ്സിറ്റി: കുവൈറ്റിൽ സെലിബ്രിറ്റികളും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും നടത്തുന്ന പരസ്യപ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ മാധ്യമനിയമം ഉടൻ നടപ്പാക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിനും പരസ്യ രംഗത്തെ നിയമപരമായും, വാണിജ്യപരമായും കൂടുതൽ സുതാര്യമാക്കുന്നതിനുമായി, പരസ്യം ചെയ്യുന്നവർ ഇൻഫർമേഷൻ മന്ത്രാലയത്തോടൊപ്പം കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തിൽ നിന്നുമുള്ള പ്രത്യേക ലൈസൻസ് നിർബന്ധമായും എടുക്കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമത്തിന്റെ കരട് അവസാനഘട്ടത്തിലാണെന്നും ഉടൻ മന്ത്രിസഭയുടെ അംഗീകാരം തേടുമെന്നും അധികൃതർ വ്യക്തമാക്കി. പരസ്യങ്ങളുടെ രീതികളും സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തി രണ്ടു അധ്യായങ്ങളായി വ്യവസ്ഥകൾ തയ്യാറാക്കിയിട്ടുണ്ട്. സെലിബ്രിറ്റികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും നടത്തുന്ന പരസ്യങ്ങൾക്ക് വ്യക്തമായ മാർഗരേഖകൾ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, പരസ്യരംഗത്തെ എല്ലാവരെയും നിയമപരവും വാണിജ്യപരവുമായ ബാധ്യതകളുടെ പരിധിയിൽ കൊണ്ടുവരികയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി, സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും സ്ഥാപനങ്ങളും നടത്തുന്ന പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇൻഫർമേഷൻ മന്ത്രാലയം നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥയും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?