31 കിലോ കഞ്ചാവ് കടത്ത് കേസ്; ബങ്കളം സ്വദേശിയടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ
കുമ്പള: ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുപേരെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അതിഞ്ഞാൽ തെക്കേപ്പുറത്തെ ടി.എം. ഷമീർ (40), മടിക്കൈ ബങ്കളത്തെ സെഞ്ച്വറി ഹൗസിലെ ടി. ഷംസീർ (32) എന്നിവരാണ് പിടിയിലായത്.
കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളായ ബേക്കൽ പള്ളിക്കര ബിലാൽ നഗറിലെ കബീർ എന്ന ലാലാ കബീർ (40), കാഞ്ഞങ്ങാട് ആവിക്കര സജ്ന മൻസിലിലെ മുഹമ്മദ് മിർഷാൻ (34) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 4-ന് രാവിലെ ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്ത് ഹോണ്ട സിറ്റി കാറിൽ കടത്തുകയായിരുന്ന 31 കിലോ കഞ്ചാവുമായി കബീറും മിർഷാനും പിടിയിലായിരുന്നു. റിമാൻഡിൽ കഴിയുന്ന ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൂട്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റുകളെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?