9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

തായന്നൂർ ഗ്രാമത്തിലെ പനയാർകുന്ന് മണ്ണാലയിൽ വീട്ടിൽ എം.കെ. ജോണി(64) നെയാണ് ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.

Mar 28, 2026 - 21:19
 0
9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

കാഞ്ഞങ്ങാട്: ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ചു. തായന്നൂർ ഗ്രാമത്തിലെ പനയാർകുന്ന് മണ്ണാലയിൽ വീട്ടിൽ എം.കെ. ജോണി(64) നെയാണ് ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.

2024 ജൂലൈ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടി അമ്മൂമ്മയോടൊപ്പം പശുവിനെ കെട്ടാൻ പോകുന്നതിനിടെ വഴിയിൽ വെച്ച് പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരികെ കൊണ്ടുവിടണമെന്ന കുട്ടിയുടെ ആവശ്യം അവഗണിച്ച് വഴിമധ്യേ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്.

കേസിൽ വിവിധ വകുപ്പുകളിലായി കോടതി ശിക്ഷ വിധിച്ചു. പോക്സോ നിയമപ്രകാരം അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം രണ്ട് വർഷം കഠിന തടവും 5,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്ന് മാസം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ബേക്കൽ ഡിവൈഎസ്പി വി.വി. മനോജ് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് എസ്എംഎസ് ഡിവൈഎസ്പി കെ. പ്രേംസദൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹോസ്ദുർഗ് സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow