നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് വൈദ്യുതി വയർ മോഷ്ടിച്ചു; രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ചെർക്കള ബേവിഞ്ചയിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലവരുന്ന വൈദ്യുതി വയറുകൾ മുറിച്ചുകടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബേക്കൽ പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ രതീഷ് (36), ശ്രുതി ശ്രീനിവാസിലെ കരുണാകരൻ (64) എന്നിവരെയാണ് വിദ്യാനഗർ എസ്.ഐ. വിജയൻ മേലത്തും സംഘവും അറസ്റ്റ് ചെയ്തത്.
ബേവിഞ്ചയിൽ എം.ടി. അബ്ദുൽ കബീർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. സെപ്റ്റംബർ 17ന് രാത്രി 10 മണിക്കും 18ന് രാവിലെ 7.45നും ഇടയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറുകൾ കത്രിക ഉപയോഗിച്ച് മുറിച്ചെടുത്ത് കടത്തുകയായിരുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും വിവിധ സ്ഥലങ്ങളിലെ ഗുജിരി കടകളിൽ നടത്തിയ അന്വേഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഇരുവരും മരപ്പണിക്കാരാണ്. ജോലി ചെയ്യാൻ പോകുന്ന സ്ഥലങ്ങളിലെ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി. സമാനരീതിയിൽ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാലക്കുന്ന് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്നും ഇതേ രീതിയിൽ വൈദ്യുതി വയറുകൾ മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്.
പ്രതികളെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
What's Your Reaction?