കാറിൽ കടത്തിയ വൻ ലഹരി ശേഖരം പിടികൂടി; തൃക്കരിപ്പൂർ സ്വദേശി കസ്റ്റഡിയിൽ
കാസർകോട്: കാറിൽ കടത്തുകയായിരുന്ന വൻ ലഹരി ശേഖരം പോലീസ് പിടികൂടി. സംഭവത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയോടെയാണ് ഉളിയത്തടുക്ക റോഡിൽ വാഹന പരിശോധനയ്ക്കിടെ ലഹരി ശേഖരം പിടികൂടിയത്.
മംഗലാപുരത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്ന ആയിരക്കണക്കിന് ലഹരി പാക്കറ്റുകളാണ് കാറിൽ നിന്ന് പിടികൂടിയത്. വിവിധതരം പുകയില ഉൽപ്പന്നങ്ങളാണ് ശേഖരത്തിലുണ്ടായിരുന്നത്.
ചെട്ടുംകുഴിയിൽ താമസിക്കുന്ന തൃക്കരിപ്പൂർ സ്വദേശി സഫീർ (24) ആണ് കസ്റ്റഡിയിലുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കാസർകോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടികൂടിയത്.
കാസർകോട് എസ്.ഐമാരായ പ്രജിത്ത് പി.വി., മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ഡാൻസാഫ് ടീം അംഗങ്ങളായ നിജിൻ, രാജീഷ് കാട്ടാമ്പള്ളി, അനീഷ്, റിതേഷ് ഭക്തശൈവൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ ലഹരി ഉൽപ്പന്നങ്ങളുടെ അളവും കാറിന്റെ വിവരങ്ങളും സംബന്ധിച്ച് പോലീസ് കൂടുതൽ പരിശോധന നടത്തിവരികയാണ്.
What's Your Reaction?