പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

Sep 2, 2026 - 16:51
 0
പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

കാസര്‍കോട്: പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി റദ്ദാക്കി. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചെന്നാണ് ഖാദര്‍ കരിപ്പൊടിക്കെതിരായ കേസ്. 2025ല്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 72(1) വകുപ്പും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. കേസില്‍ നേരത്തെ ഖാദറിന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, മറ്റൊരു വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്നതിനാല്‍ പോക്‌സോ കേസിന്റെ വിചാരണയ്ക്ക് ഇയാള്‍ ഹാജരായില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്.

ഇക്കഴിഞ്ഞ ജൂണിലാണ് ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് പൊലീസ് വധശ്രമക്കേസും രജിസ്റ്റര്‍ ചെയ്തത്. പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു കേസ്. ഗള്‍ഫിലെ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ അബ്ദുല്‍ അഹമ്മദിനെ വിളിച്ചുവരുത്തി ഖാദര്‍ കരിപ്പൊടിയും റാഷിദും അഷ്‌റഫും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്.

വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഖാദര്‍ കരിപ്പൊടി ഒളിവില്‍ പോയതായും ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനമെന്നും അറിയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow