ഏഴാം വയസ്സിൽ തെയ്യക്കോലമണിഞ്ഞു; 26-ാം വയസ്സിൽ ദേശീയ പുരസ്കാരനേട്ടവുമായി അനന്തു കൃഷ്ണ

Oct 12, 2026 - 20:10
 0
ഏഴാം വയസ്സിൽ തെയ്യക്കോലമണിഞ്ഞു; 26-ാം വയസ്സിൽ ദേശീയ പുരസ്കാരനേട്ടവുമായി അനന്തു കൃഷ്ണ

ചെറുവത്തൂർ: തെയ്യക്കലയോടുള്ള അടങ്ങാത്ത അഭിനിവേശവും പാരമ്പര്യ കലാരൂപങ്ങളോടുള്ള സമർപ്പണവും ദേശീയ അംഗീകാരത്തിലേക്ക്. ചെറുവത്തൂർ ചിറക്കുണ്ട് സ്വദേശി അനന്തു കൃഷ്ണ എം. പണിക്കർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് പുരസ്കാരം ലഭിച്ചു. തെയ്യം കലാരംഗത്തെ മികച്ച പ്രവർത്തനങ്ങളും കലാസാംസ്കാരിക മേഖലയിലെ സജീവ ഇടപെടലുകളുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. തിരുവനന്തപുരത്തെ കവടിയാറിലുള്ള സമാജ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

വെറും ഏഴാം വയസ്സിലാണ് അനന്തു കൃഷ്ണ ആടിവേടൻ തെയ്യം കെട്ടിയാടി കലാരംഗത്തേക്ക് ചുവടുവെച്ചത്. പതിനഞ്ചാം വയസ്സിൽ വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടി. പതിനാറാം വയസ്സിൽ ഒറ്റക്കോലം അഥവാ തീച്ചാമുണ്ടി കെട്ടിയാടി പട്ടും വളയും സ്വീകരിച്ചതോടെ പണിക്കർ എന്ന ആചാരപ്പദവിയും നേടി.

വർഷങ്ങളുടെ അനുഭവസമ്പത്തുമായി തെയ്യക്കലയിൽ മുന്നേറുന്ന അനന്തു കൃഷ്ണ മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, പൊട്ടൻ ദൈവം, കാരഗുളികൻ, ഭൈരവൻ, കുട്ടി ശാസ്തൻ, മൂവാളംകുഴി ചാമുണ്ഡി, കുറത്തി, കരിംകൂട്ടി ശാസ്തപ്പൻ, രക്തേശ്വരി തുടങ്ങി നിരവധി തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. തെയ്യം കെട്ടിയാടുന്നതിൽ മാത്രമല്ല, ചെണ്ടവാദനത്തിലും മറ്റു കലാമേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ചാക്യാർകൂത്തിൽ രണ്ടാം സ്ഥാനം നേടിയതും കലാജീവിതത്തിലെ ശ്രദ്ധേയ നേട്ടമാണ്.

സൗണ്ട് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ 26-കാരനായ അനന്തു കൃഷ്ണ, കൃഷ്ണകുമാർ പണിക്കരുടെയും രഞ്ജിനിയുടെയും മകനാണ്. അനു സൂര്യകൃഷ്ണ സഹോദരിയാണ്. പാരമ്പര്യ കലാരംഗത്തെ ചെറുപ്പകാലം മുതലുള്ള പ്രവർത്തനങ്ങൾക്കു ലഭിച്ച ദേശീയ പുരസ്കാരം അനന്തു കൃഷ്ണയുടെ കലാജീവിതത്തിലെ മറ്റൊരു പ്രധാന നേട്ടമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow