തട്ടിക്കൊണ്ടുപോയെന്ന പരാതി; മംഗളൂരുവിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മൊഴിയിൽ വഴിത്തിരിവ്
ബേക്കൽ: മദ്രസ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് നൽകിയ പരാതിയിൽ വഴിത്തിരിവ്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസയിലെ 12കാരിയാണ് മംഗളൂരുവിൽ കണ്ടെത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും മദ്രസ അധ്യാപകനെ ഭയന്ന് ട്രെയിനിൽ കോട്ടിക്കുളത്ത് നിന്നും മംഗളൂരുവിലേക്ക് പോയതാണെന്നും പോലീസിന് മൊഴി നൽകി.
ശനിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം. പതിവുപോലെ മദ്രസയിലേക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി മദ്രസയിൽ എത്തിയില്ല. തുടർന്ന് വീട്ടുകാരെ വിവരമറിയിച്ചു. ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടയിൽ മംഗളൂരുരുവിലെ റെയിൽവെ സ്റ്റേഷൻ ഭാഗത്താണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഓട്ടോ ഡ്രൈവർമാരാണ് പാണ്ഡേശ്വരം പോലീസിൽ എത്തിച്ചത്. ആദ്യം, മദ്രസയിലേക്ക് പോകുന്നതിനിടെ കറുത്ത കാറിലെത്തിയ രണ്ടുപേർ തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. തുടർന്ന് ബേക്കൽ പോലീസും ബന്ധുക്കളും മംഗളൂരുവിലെത്തി കുട്ടിയെ നാട്ടിലെത്തിച്ചു.
വിശദമായ മൊഴിയെടുപ്പിലാണ് സംഭവത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമായത്. മദ്രസ അധ്യാപകൻ പഠിച്ചുവരാൻ ആവശ്യപ്പെട്ട പാഠഭാഗം പഠിച്ചിരുന്നില്ലെങ്കിൽ മദ്രസയിൽ പോകാൻ ഭയന്നാണ് ട്രെയിൻ കയറിയതെന്നും കുട്ടി മൊഴി നൽകി. വീട്ടിൽനിന്ന് വഴക്ക് കേൾക്കാതിരിക്കാനാണ് തട്ടിക്കൊണ്ടുപോയെന്ന കഥ ആദ്യം പറഞ്ഞതെന്ന് പോലീസിനോട് വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
What's Your Reaction?