ചെറുവത്തൂരിൽ റെയിൽവേ സിഗ്നൽ കേബിൾ മോഷണം; ഏഴ് പേർ അറസ്റ്റിൽ

Oct 25, 2026 - 07:50
 0
ചെറുവത്തൂരിൽ റെയിൽവേ സിഗ്നൽ കേബിൾ മോഷണം; ഏഴ് പേർ അറസ്റ്റിൽ

ചെറുവത്തൂർ: റെയിൽവേയുടെ സിഗ്നൽ കേബിൾ മോഷ്ടിച്ച കേസിൽ ഏഴുപേരെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കേബിളിലെ ചെമ്പുകമ്പി വാങ്ങിയ പരിയാരത്തെ ആക്രിക്കട ഉടമയും അറസ്റ്റിലായി.

മനോവർ ഹുസൈൻ (32), സോമീർ അലി (35), റസൂൽ ഇസ്ലാം (20), നൂറുൽ അമീൻ ഇസ്ലാം (33), സോബിഖുൽ അലി ഖാൻ (21), അനോവർ ഹുസൈൻ (33), ആക്രിക്കട ഉടമ മൊഗൽ ഹുസൈൻ (34) എന്നിവരെയാണ് ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽനിന്ന് പിടികൂടിയത്. മോഷ്ടിച്ച കേബിൾ കടത്താൻ ഉപയോഗിച്ച വാഹനവും പടന്നക്കാട്ടുനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഞായറാഴ്ച കാര്യങ്കോട് പഴയ പാലത്തിന് സമീപം ചെറുവത്തൂർ ഭാഗത്തെ റെയിൽവേ സിഗ്നൽ കേബിളാണ് സംഘം മുറിച്ചുകടത്തിയത്. 18ന് സിഗ്നൽ തകരാറിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിൾ മോഷണം ശ്രദ്ധയിൽപ്പെട്ടത്.

പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച കേബിളിലെ ചെമ്പുകമ്പി പരിയാരത്തെ ആക്രിക്കടയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. തുടർന്നാണ് ആക്രിക്കട ഉടമയെ അറസ്റ്റ് ചെയ്തത്.

ചെറുവത്തൂരിലെ പി.വി. നഗറിലെ വാടകവീട്ടിലായിരുന്നു സംഘം താമസിച്ചിരുന്നത്. പിടിയിലായവരുമായി അന്വേഷണസംഘം ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.

പാലക്കാട് ആർ.പി.എഫ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.പി. ദീപക്, എസ്.ഐ. അജിത്ത് കുമാർ, എ.എസ്.ഐ. ഷിജു, കാസർകോട് ആർ.പി.എഫ് ഇൻസ്പെക്ടർ എൻ.കെ. ശശി, എ.എസ്.ഐ. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow