65-ാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
അമ്പലത്തറ: ഒക്ടോബർ 27 മുതൽ 31 വരെ അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന 65-ാമത് ഹോസ്ദുർഗ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ പ്രകാശനകർമം നിർവഹിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ പി. പി. മുഹമ്മദ് റാഫി മുഖ്യാതിഥിയായി. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ രാജേന്ദ്രൻ മീങ്ങോത്ത് അധ്യക്ഷനായി.
സംഘാടക സമിതിക്ക് ലഭിച്ച 37 ലോഗോകളിൽ നിന്നാണ് ഉദുമ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ദേവനന്ദ വരച്ച ലോഗോ തെരഞ്ഞെടുത്തത്. കലോത്സവത്തിന്റെ ഇൻസ്റ്റഗ്രാം പേജ് ‘ഹോസ്ദുർഗ് കലോത്സവം 65’ സജിത്ത് കണ്ണോത്ത് പരിചയപ്പെടുത്തി.
ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ ആർട്ട് ഇൻസ്റ്റലേഷൻ പരിപാടിയും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. സോയ, ഹോസ്ദുർഗ് എ.ഇ.ഒ കെ. സുരേന്ദ്രൻ, സാമ്പത്തിക കമ്മിറ്റി ചെയർമാനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാടിക്കാൽ നാരായണൻ, ഹെഡ്മാസ്റ്റർ പി. വി. രാജേഷ്, മീഡിയ കമ്മിറ്റി ചെയർമാൻ ബാബു കോട്ടപ്പാറ, ലളിതകലാ അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ, വർക്കിംഗ് ചെയർമാൻ പി. ജയകുമാർ, എസ്.എം.സി ചെയർമാൻ എൻ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് സ്കറിയ മാസ്റ്റർ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി. പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
What's Your Reaction?