കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ചുമട്ടുതൊഴിലാളി ജോസിന്റെ മൃതദേഹം നന്മമരം പ്രവർത്തകർ സംസ്കരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്ന ജോസിന്റെ മൃതദേഹം നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഏറ്റുവാങ്ങി സംസ്കരിച്ചു.
കഴിഞ്ഞ ദിവസം നീലേശ്വരം മാർക്കറ്റ് പരിസരത്ത് റോഡരികിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജോസിനെ 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ തോട്ടട സ്വദേശിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കുടുംബമോ ബന്ധുക്കളോ ഉള്ളതായി വിവരമില്ല.
മൃതശരീരം ഏറ്റുവാങ്ങാൻ ആരുമില്ലാത്ത സാഹചര്യത്തിൽ നീലേശ്വരം പൊലീസ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി കാഞ്ഞങ്ങാട് നഗരസഭയുടെ അനുമതിയോടെ പുതിയകോട്ട പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ആരുമില്ലാത്തവരുടെ അന്ത്യയാത്രയിൽ ഒപ്പം ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തുന്നത് സഹജീവികളോടുള്ള ഉത്തരവാദിത്വമായാണ് നന്മമരം കാഞ്ഞങ്ങാട് പ്രവർത്തകർ കാണുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20ലധികം മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിക്കുന്നതിന് നന്മമരം പ്രവർത്തകർ നേതൃത്വം നൽകിയിട്ടുണ്ട്.
ജോസിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് നീലേശ്വരം എസ്.ഐ. രാജേഷ് കുമാർ, ബിബി ജോസ്, ബിനീഷ് കെ. ബാലൻ, റഹ്‌മാൻ പാണത്തൂർ, ഫവാസ് കുശാൽ നഗർ, ആശിഷ് ഹോസ്ദുർഗ്, ആംബുലൻസ് ഡ്രൈവർ അഷ്‌റഫ്, ഹമീദ് മുണ്ടോട്ട്, ഷിബു നോർത്ത് കോട്ടച്ചേരി എന്നിവർ നേതൃത്വം നൽകി.
What's Your Reaction?