സ്പോർട്സിനൊപ്പം നിൽക്കൂ, ലഹരിയെ അകറ്റൂ; കാസർകോട് സംസ്ഥാനതല മാരത്തോണിനും ദീപശിഖാ പ്രയാണത്തിനും തുടക്കം

Sep 5, 2026 - 09:37
 0
സ്പോർട്സിനൊപ്പം നിൽക്കൂ, ലഹരിയെ അകറ്റൂ; കാസർകോട് സംസ്ഥാനതല മാരത്തോണിനും ദീപശിഖാ പ്രയാണത്തിനും തുടക്കം

കാസർകോട്: ‘സ്പോർട്സിനൊപ്പം നിൽക്കൂ, ലഹരിയെ അകറ്റൂ’ എന്ന മുദ്രാവാക്യവുമായി കേരള പോലീസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിനും ദീപശിഖാ പ്രയാണത്തിനും കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടക്കമായി. എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.

എംഎൽഎമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്റഫ്, കെ. നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, നഗരസഭാ അധ്യക്ഷ ഷാഹിന സലിം, ഡിഡിഇ റഫീഖ് എന്നിവർ വിശിഷ്ടാതിഥികളായി.

എഎസ്പി അച്യുത് അശോക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം ജില്ലാ കളക്ടർ കെ. അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. അന്താരാഷ്ട്ര കബഡി താരം ജഗദീഷ് കുമ്പള, അന്താരാഷ്ട്ര ഫുട്ബോൾ താരം മുഹമ്മദ് റാഫി എന്നിവരിൽ നിന്ന് ആർആർഎഫ് കമാൻഡന്റ് ശക്തി സിംഗ് ആര്യ ദീപശിഖ ഏറ്റുവാങ്ങി.

ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ എൻഎസ്എസ്, എൻസിസി, എസ്പിസി കേഡറ്റുകളുമായി ജില്ലാ പോലീസ് മേധാവി സംവദിച്ചു.

ലഹരി വിരുദ്ധ സെഷന് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ നേതൃത്വം നൽകി. ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജ് സ്വാഗതവും ഡിവൈഎസ്പി പി.ടി. ഉത്തംദാസ് നന്ദിയും പറഞ്ഞു.

വൈകുന്നേരം മൂന്നിന് കാസർകോട് പോലീസ് ടർഫിൽ എട്ട് ടീമുകളെ ഉൾപ്പെടുത്തി ‘തൂഫാൻ സ്പോർട്സ് കാർണിവൽ’ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow