അവശനിലയിൽ വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയ്ക്ക് ആശുപത്രി ജീവനക്കാരുടെ കൈത്താങ്ങ്
പടന്നക്കാട്: പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി കെട്ടിടത്തിൽ പ്രാവുകൾ കയറാതിരിക്കാൻ സ്ഥാപിച്ച വലയിൽ കുടുങ്ങിയ അപൂർവ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി. രണ്ടുദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയിൽ കുടുങ്ങിക്കിടന്ന മൂങ്ങയെ ആശുപത്രി ജീവനക്കാരായ രതീഷും തെറാപ്പിസ്റ്റ് റോജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ആശുപത്രി കെട്ടിടത്തിന് മുകളിൽ വലയിൽ മൂങ്ങ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരും നടത്തിയ പരിശോധനയിലാണ് അവശനിലയിലായ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. ഏറെ പണിപ്പെട്ട് സുരക്ഷിതമായി വലയിൽ നിന്ന് പുറത്തെടുത്ത മൂങ്ങയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
തുടർന്ന് ആശുപത്രി അധികൃതർ വിവരം വനംവകുപ്പിനെ അറിയിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ വെള്ളിമൂങ്ങയെ വനംവകുപ്പ് റെസ്ക്യൂവർ സുനിൽ സുരേന്ദ്രന് കൈമാറി. ആശുപത്രി ജീവനക്കാരായ റോജിത്തും രതീഷും കൈമാറ്റത്തിൽ പങ്കെടുത്തു.
ആവശ്യമായ ചികിത്സയും പരിചരണവും നൽകിയശേഷം മൂങ്ങയെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
What's Your Reaction?