മടിക്കൈയിൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മടിക്കൈ: രാത്രി വീട്ടിൽനിന്ന് ഇറങ്ങി കാണാതായ യുവാവിനെ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡിൽ എരിപ്പിൽ കുഞ്ഞമ്പുവിന്റെ മകൻ വൈശാഖ് (22) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വൈശാഖിനെ വീട്ടിൽനിന്ന് കാണാതായത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ ചായ്യോത്ത് നാരത്തുംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വൈശാഖിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കേടുപാടുകൾ സംഭവിച്ച നിലയിൽ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെള്ളച്ചാട്ടത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. കാണാതാകുന്നതിന് അരമണിക്കൂർ മുമ്പ് വൈശാഖ് സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് കാണാമെന്ന് പറഞ്ഞിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്.
ഗൾഫിലേക്ക് പോകുന്നതിനായി വൈശാഖ് പാസ്‌പോർട്ട് എടുത്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ് ഇന്ന് നാരത്തുംകൊല്ലി കാട്ടിനുള്ളിൽ വൈശാഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?