മടിക്കൈ പഞ്ചായത്തിൽ ‘നിർമലം’ ശുചിത്വ ക്യാംപെയിന് തുടക്കമായി

Oct 26, 2026 - 16:23
 0
മടിക്കൈ പഞ്ചായത്തിൽ ‘നിർമലം’ ശുചിത്വ ക്യാംപെയിന് തുടക്കമായി

മടിക്കൈ: ‘നിർമലം പുതുയുഗ ശുചിത്വ കേരളം’ മാലിന്യ പരിപാലന ജനകീയ ക്യാംപെയിന് മടിക്കൈ പഞ്ചായത്തിൽ തുടക്കമായി. പദ്ധതി നടത്തിപ്പിനായി പഞ്ചായത്ത് തല നിർവാഹക സമിതി രൂപീകരണ യോഗവും ആസൂത്രണ യോഗവും ചേർന്നു.

പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. ജ്യോതി അധ്യക്ഷയായി. ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി.

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എ. രാജൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ പി.വി. പത്മിനി, അസിസ്റ്റന്റ് സെക്രട്ടറി ബാബു അപ്യാൽ, അസിസ്റ്റന്റ് എൻജിനീയർ സനൂപ് ചന്ദ്രൻ, വി.ഇ.ഒ. സരിത കെ., പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സജി എ. സ്വാഗതവും ജെ.എച്ച്.ഐ. സിബിജ വി.എസ്. നന്ദിയും പറഞ്ഞു.

ഒക്ടോബർ 29-ന് പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ശുചിത്വ ക്വിസ് മത്സരം നടത്തും. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി വിജയികളായ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.

ഒക്ടോബർ 30-ന് കാഞ്ഞിരപ്പൊയിലിൽ പഞ്ചായത്ത് തല ശുചിത്വ ക്യാംപെയിൻ സംഘടിപ്പിക്കും. നവംബർ ഒന്നിന് ശുചിത്വ വാർഡ് പ്രഖ്യാപനവും അവാർഡ് ദാന ചടങ്ങും നടക്കും. ഒക്ടോബർ 30-നകം എല്ലാ വാർഡുകളിലും നിർവാഹക സമിതി രൂപീകരിച്ച് വാർഡ് തല ശുചിത്വ ക്യാംപെയിനിന് തുടക്കം കുറിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow