ജപ്പാൻ ഗവൺമെന്റിന്റെ ‘ലോറ്റസ്’ ഗവേഷണ പദ്ധതിയിലേക്ക് മലയാളി ഗവേഷകൻ ശ്രീരാജ് പാക്കത്ത്
നീലേശ്വരം: ജപ്പാൻ ഗവൺമെന്റ് ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമായി നടപ്പിലാക്കുന്ന അന്താരാഷ്ട്ര ‘ലോറ്റസ് ബേസിക്’ (LOTUS Basic) ഗവേഷണ പദ്ധതിയിലേക്ക് മലയാളി ഗവേഷകൻ ശ്രീരാജ് പാക്കത്ത് തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി (ജെഎസ്ടി) ഇന്ത്യയിലുടനീളമുള്ള പ്രതിഭാധനരായ ഗവേഷകരിൽനിന്ന് കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുത്ത പട്ടികയിലാണ് ശ്രീരാജ് ഇടം നേടിയത്.
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. നിലവിൽ കാലിക്കറ്റ് സർവകലാശാലയിലെ നാനോസയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ഡോ. ഷിബു ഇ.എസ്.യുടെ കീഴിൽ ഗവേഷണം നടത്തുകയാണ് ശ്രീരാജ്.
പദ്ധതിയുടെ ഭാഗമായി ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ മെട്രോപൊളിറ്റൻ സർവകലാശാലയിൽ ഒരു വർഷം സംയുക്ത ഗവേഷണം നടത്താൻ ശ്രീരാജിന് അവസരം ലഭിച്ചു. ‘നാനോ ക്ലസ്റ്റർ അധിഷ്ഠിത ഇലക്ട്രോണിക് സംയോജനവും ഊർജപരിവർത്തന സാങ്കേതികവിദ്യകളും’ എന്ന നൂതന ഗവേഷണ മേഖലയിലാണ് പഠനം നടത്തുക.
ഗവേഷണ കാലയളവിലെ താമസച്ചെലവും യാത്രാ ആനുകൂല്യങ്ങളും ജപ്പാൻ ഗവൺമെന്റ് വഹിക്കും. അടുത്ത മാസം ശ്രീരാജ് ഗവേഷണത്തിനായി ജപ്പാനിലേക്ക് തിരിക്കും.
നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കുളങ്ങാട്ടു വീട്ടിൽ മോഹനൻ–പ്രീതി ദമ്പതികളുടെ മകനാണ് ശ്രീരാജ്. സഹോദരൻ അഭിരാജ് പി.
What's Your Reaction?