ദേശീയപാത നിർമാണത്തിനായി എത്തിച്ച 30 ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ചു; രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ദേശീയപാത നിർമാണത്തിനായി എത്തിച്ച 30 ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പിലിക്കോട് ഏച്ചിക്കൊവ്വൽ സ്വദേശി പടിഞ്ഞാറേ വീട്ടിൽ പ്രജ്വൽ (33), പടന്ന തെക്കേക്കാട് സ്വദേശി പാവൂർ വീട്ടിൽ പി.വി. ശ്രീജേഷ് (36) എന്നിവരെയാണ് മേൽപ്പറമ്പ് എസ്.ഐ. ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ചെയാണ് ചട്ടഞ്ചാലിലെ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ സൈറ്റിൽനിന്ന് ഇരുമ്പ് പൈപ്പുകൾ മോഷണം പോയത്. കമ്പനിയുടെ സെക്യൂരിറ്റി ഓഫീസർ പുഷ്പരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ ദേശീയപാതയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട മിനി ലോറി പരിശോധിച്ചപ്പോഴാണ് മോഷണം പോയ ഇരുമ്പ് പൈപ്പുകൾ കണ്ടെത്തിയത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 30 പൈപ്പുകളും വാഹനത്തിൽ കയറ്റി കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതികൾ മോഷണം സമ്മതിച്ചതിനെത്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
What's Your Reaction?