നീലേശ്വരം ബസ് സ്റ്റാൻഡിൽ ശുചിമുറിയിൽ യാത്രക്കാരൻ കുടുങ്ങി
നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാൻഡിലെ പൊതുശുചിമുറിയിൽ കയറിയ യാത്രക്കാരനെ അകത്താക്കി വാതിൽ പുറത്തുനിന്ന് പൂട്ടി ശുചിമുറി നടത്തിപ്പുകാരൻ മടങ്ങിയതായി പരാതി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
കൊന്നക്കാട് സ്വദേശിയായ യാത്രക്കാരനാണ് ദുരനുഭവം നേരിട്ടത്. ശുചിമുറിയിൽ പ്രവേശിച്ച ശേഷം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴാണ് വാതിൽ പുറത്തുനിന്ന് പൂട്ടിയതായി മനസ്സിലായത്. ഏറെ നേരം അകത്ത് കുടുങ്ങിയതോടെ ഇയാൾ അടിയന്തര സേവന നമ്പറായ 112ൽ വിളിച്ച് പോലീസിന്റെ സഹായം തേടി.
വിവരം ലഭിച്ചതിനെ തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ഇതിനിടെ യാത്രക്കാരൻ ശുചിമുറിയിലേക്ക് കയറുന്നത് കണ്ടിരുന്ന ചിലർ നടത്തിപ്പുകാരനെ വിവരം അറിയിച്ചതായും പറയുന്നു. പോലീസ് എത്തുമ്പോഴേക്കും നടത്തിപ്പുകാരനും സ്ഥലത്തെത്തി. തുടർന്ന് വാതിൽ തുറന്ന് യാത്രക്കാരനെ പുറത്തേക്ക് കൊണ്ടുവന്നു.
സംഭവം ശുചിമുറിയുടെ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ശുചിമുറി പൂട്ടുന്നതിന് മുമ്പ് അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് ഉറപ്പാക്കാതിരുന്നതാണ് യാത്രക്കാരൻ കുടുങ്ങാൻ കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടി.
യാത്രക്കാരന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം. എന്നാൽ പ്രായമായവരോ ആരോഗ്യപ്രശ്നങ്ങളുള്ളവരോ ഇത്തരത്തിൽ അകത്ത് കുടുങ്ങിയിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
What's Your Reaction?