ദേശീയ അധ്യാപക പുരസ്കാരം സമീർ സിദ്ദീഖിന്

Oct 12, 2026 - 16:42
 0
ദേശീയ അധ്യാപക പുരസ്കാരം സമീർ സിദ്ദീഖിന്

കാഞ്ഞങ്ങാട്: ഹരിയാനയിലെ കുരുക്ഷേത്ര ശിക്ഷാ സാഗർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ നവാചാരി ശിക്ഷക് സമ്മാൻ ദേശീയ അധ്യാപക പുരസ്കാരത്തിന് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം അധ്യാപകൻ സമീർ സിദ്ദീഖ് അർഹനായി. വിദ്യാഭ്യാസ മേഖലയിലെ നൂതനവും സർഗാത്മകവുമായ ഇടപെടലുകൾ, പ്രചോദനാത്മകമായ അധ്യാപന പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ സർവതോന്മുഖമായ വളർച്ചയ്ക്കായുള്ള ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.

പാഠപുസ്തകങ്ങൾക്കപ്പുറം കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അധ്യാപകനെന്ന നിലയിൽ ശ്രദ്ധേയനാണ് സമീർ സിദ്ദീഖ്. അധ്യാപനം ജോലിയല്ല, സേവനമാണെന്ന സന്ദേശം സ്വന്തം പ്രവർത്തനങ്ങളിലൂടെ പകർന്നുനൽകുന്ന അദ്ദേഹം അധ്യാപനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സൈബർ ബോധവൽക്കരണം, പൊതുവിദ്യാലയ സംരക്ഷണം തുടങ്ങിയ മേഖലകളിലും മാതൃകാപരമായ ഇടപെടലുകൾ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങളാണ് ദേശീയ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്.

സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ്, 2021-ലെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം, എൻ.എസ്.എസ്. റീജിയണൽ ഡയറക്ടറേറ്റിന്റെ സ്വച്ഛതാ ഹി സേവാ പുരസ്കാരത്തിൽ സംസ്ഥാനതല ഒന്നാം സ്ഥാനം എന്നിവ ഉൾപ്പെടെ മുപ്പതിലധികം പുരസ്കാരങ്ങൾ സമീർ സിദ്ദീഖിന് ലഭിച്ചിട്ടുണ്ട്. ഗിജുഭായി ദേശീയ അവാർഡ്, ഗുരുരത്ന പുരസ്കാരം, ഗാന്ധി സേവാ പുരസ്കാരം, എ.പി.ജെ. അബ്ദുൽ കലാം എമിനന്റ് ടീച്ചർ അവാർഡ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ പരിസ്ഥിതി പുരസ്കാരം, പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

കരിയർ മാസ്റ്റർ, എൻ.എസ്.എസ്. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ, ആസാദ് സേന ജില്ലാ കോ-ഓർഡിനേറ്റർ, യുവ ജാഗരണ നോഡൽ ഓഫീസർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഓൾ കേരള വി.എച്ച്.എസ്.ഇ. വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, വി.എച്ച്.എസ്.ഇ. സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട്.

ഭാര്യ തസ്നീം. മക്കൾ റൈഹാൻ സമീർ, റിദ സമീർ. കുടുംബസമേതം കാഞ്ഞങ്ങാട് പുതിയകോട്ട കാരാട്ട് വയലിലെ നളിനം അപ്പാർട്ട്മെന്റിലാണ് താമസം.

What's Your Reaction?

like

dislike

love

funny

angry

sad

wow