കാസർകോട് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു
കാസർകോട്: 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ സുരേഷ് കാസർകോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്നാണ് ശ്രീധന്യ സുരേഷ് ചുമതല ഏറ്റെടുത്തത്.
കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽനിന്ന് ജില്ലാ കളക്ടർ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും ശ്രീധന്യ സുരേഷിനുണ്ട്. ജില്ലയിലെ രണ്ടാമത്തെ വനിതാ ജില്ലാ കളക്ടറുമാണ്. 2021-ൽ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആയിരുന്നു ജില്ലയിലെ ആദ്യ വനിത കളക്ടർ. 2018ൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടിയാണ് ശ്രീധന്യ സുരേഷ് ഐഎഎസ് സ്വന്തമാക്കിയത്.
വയനാട് പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി ഊരിൽ സുരേഷിന്റെയും കമലയുടെയും മകളാണ് ശ്രീധന്യ സുരേഷ്. കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പരിശീലനം പൂർത്തിയാക്കി.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടർ, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. വിവിധ ഭരണചുമതലകളിലെ പ്രവർത്തനപരിചയവുമായാണ് ശ്രീധന്യ സുരേഷ് കാസർകോട് ജില്ലാ ഭരണനേതൃത്വത്തിലെത്തുന്നത്. ഗായക് ആർ. ചന്ദാണ് ഭർത്താവ്.
ദേശീയപാതാ വികസനം, റെയിൽവേ വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, പട്ടികവർഗ ക്ഷേമം, എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി നിർണായക വിഷയങ്ങളാണ് പുതിയ ജില്ലാ കളക്ടർക്ക് മുന്നിലുള്ളത്. ജില്ലയിലെ പിന്നാക്ക മേഖലകളുടെ വികസനത്തിനും സാധാരണ ജനങ്ങളുമായി കൂടുതൽ അടുത്തുനിൽക്കുന്ന ഭരണസംവിധാനത്തിനും ഊന്നൽ നൽകുകയെന്നത് പുതിയ ഭരണനേതൃത്വത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായിരിക്കും.
What's Your Reaction?