ഒമാനിലെ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
മസ്കറ്റ്: ഒമാനിലെ അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ(55), സഹോദരപുത്രൻ ആകാശ് ജിത്തു(25) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ റോഡരികിലൂടെ നടക്കുകയായിരുന്ന ഇവരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബേപ്പൂർ കറുവാഞ്ചേരി സവന്ന നിവാസിൽ വേലായുധന്റെയും ശ്രീമതിയുടെയും മകനാണ് ഷജിത് കുമാർ. ഷജിത്തിന്റെ സഹോദരൻ പ്രജിത് കുമാറിന്റെയും ജിഷയുടെയും മകനാണ് മരിച്ച ആകാശ് ജിത്ത്. നിലവിൽ മൃതദേഹങ്ങൾ സിനാവ്, സമദ്ഷാൻ എന്നിവിടങ്ങളിലെ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
What's Your Reaction?