കാട്ടുപന്നികളുടെ കൂട്ടമരണം; വൊർക്കാടിയിൽ അധികൃതർ പരിശോധന തുടങ്ങി

Aug 14, 2026 - 09:56
 0
കാട്ടുപന്നികളുടെ കൂട്ടമരണം; വൊർക്കാടിയിൽ അധികൃതർ പരിശോധന തുടങ്ങി

കാസർകോട്: വൊർക്കാടി പഞ്ചായത്തിലെ പാവൂർ, പൊയ്യ മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്കയ്ക്കിടയാക്കുന്നു. രണ്ടാഴ്ചയ്ക്കിടെ പാവൂരിലും പരിസരപ്രദേശങ്ങളിലുമായി ഒരു ഡസനോളം കാട്ടുപന്നികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.

ഇതിനിടെ പ്രദേശത്തെ ഒരാൾക്ക് പന്നിപ്പനി സ്ഥിരീകരിക്കുകയും മറ്റൊരാൾക്ക് രോഗബാധ സംശയിക്കുകയും ചെയ്തതോടെ സംഭവത്തിൽ ആരോഗ്യവകുപ്പും ജാഗ്രത പുലർത്തുകയാണ്. ഇന്നലെ രാവിലെ രണ്ട് കാട്ടുപന്നികളെ കൂടി ചത്തനിലയിൽ കണ്ടെത്തിയതോടെയാണ് അധികൃതർ വിഷയത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചത്.

വിവരമറിഞ്ഞ് വനംവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പന്നികളുടെ ജഡങ്ങൾ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയശേഷം സംസ്കരിച്ചു.

ജഡങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാനുള്ള കാരണം എന്താണെന്ന് പരിശോധനാഫലം ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു. രോഗബാധയാണോ മറ്റേതെങ്കിലും കാരണമാണോ മരണത്തിന് പിന്നിലെന്നതും പരിശോധനയിൽ വ്യക്തമാകും.

തുടർച്ചയായി കാട്ടുപന്നികൾ ചത്തൊടുങ്ങുന്നതും പ്രദേശത്ത് പന്നിപ്പനി സ്ഥിരീകരിച്ചതും നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പരിശോധനാഫലം പുറത്തുവരുന്നതുവരെ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow