കാസർകോട് നഗരത്തിൽ വിപുലമായ ജില്ലാതല ഓണാഘോഷം; സംഘാടക സമിതി രൂപീകരിച്ചു

Aug 17, 2026 - 17:34
 0
കാസർകോട് നഗരത്തിൽ വിപുലമായ ജില്ലാതല ഓണാഘോഷം; സംഘാടക സമിതി രൂപീകരിച്ചു

കാസർകോട്: ജില്ലാതല ഓണാഘോഷ പരിപാടികൾ കാസർകോട് നഗരത്തിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി കല്ലട്ര മാഹിൻ എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൺവീനറുമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. പരിപാടികളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ച് ചുമതലകൾ നിശ്ചയിച്ചു.

കാസർകോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് പ്രാഥമിക രൂപം നൽകി. കാസർകോട് മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വടംവലി മത്സരങ്ങളും പുലിക്കളി, തിരുവാതിരക്കളി തുടങ്ങിയ പരിപാടികളും ഉണ്ടാകും.

ഓണാഘോഷത്തിന്റെ ഭാഗമായി കാസർകോട് നഗരത്തെ മികച്ച രീതിയിൽ ദീപാലങ്കാരത്തോടെ അലങ്കരിക്കുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് ക്യാഷ് അവാർഡും നൽകും.

സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, പ്രചാരണ പ്രവർത്തനങ്ങൾ, സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, ശുചിത്വം, ഹരിത പ്രോട്ടോക്കോൾ തുടങ്ങിയവയ്ക്കായി പ്രത്യേക സബ് കമ്മിറ്റികൾ രൂപീകരിച്ചു.

ജില്ലാതല ഓണാഘോഷം ജനപങ്കാളിത്തത്തോടെ വിജയകരമായി സംഘടിപ്പിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണം ഉറപ്പാക്കുന്നതിനാണ് സംഘാടക സമിതി രൂപീകരിച്ചത്. പരിപാടികൾ കൂടുതൽ ജനകീയവും ആകർഷകവുമാക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

ഓണാഘോഷത്തിന്റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു. കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജനനി, നഗരസഭ വൈസ് ചെയർപേഴ്സൺ കെ.എം. ഹനീഫ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാഹിൻ കേളോട്ട് തുടങ്ങിയവർ സംസാരിച്ചു.

ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജി.കെ. ജിജേഷ് കുമാർ നന്ദിയും പറഞ്ഞു. പരിപാടികളുടെ കൂടുതൽ വിശദമായ ആസൂത്രണത്തിനായി പ്രോഗ്രാം കമ്മിറ്റിയുടെ യോഗം നാളെ ചേരും.

What's Your Reaction?

like

dislike

love

funny

angry

sad

wow