കാസർകോട് മെഡിക്കൽ കോളേജ് പൂർണ്ണസജ്ജമാക്കും; കളക്ടർ അർജ്ജുൻ പാണ്ഡ്യൻ
കാസർകോട്: കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും പൂർണ്ണസജ്ജമാക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് സന്ദർശിച്ച അദ്ദേഹം എംബിബിഎസ്, നഴ്സിംഗ് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ജീവനക്കാരുമായി സംവദിച്ചു. മെഡിക്കൽ കോളേജ് വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ മാസവും ഒരു ദിവസം കോളേജ് സന്ദർശിച്ച് വിലയിരുത്തുമെന്നും കളക്ടർ പറഞ്ഞു. കരാർ ചെയ്തിട്ടുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും വിദ്യാർത്ഥികൾക്കും അധികൃതർക്കും അദ്ദേഹം ഉറപ്പ് നൽകി. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലും സ്റ്റാഫ് ഹോസ്റ്റലും ഉടൻ തുറന്നു നൽകുമെന്നും ഹോസ്റ്റൽ ബ്ലോക്ക് നിർമ്മാണം ത്വരിതപ്പെടുത്തുമെന്നും അറിയിച്ചു. ഇന്റേണൽ റോഡ് നിർമാണവും ഉടൻ ആരംഭിക്കും. കോളേജ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളും കളക്ടർ നൽകി.
What's Your Reaction?