കാൻഫെഡിന്റെ സംസ്ഥാന മികച്ച സാമൂഹ്യ പ്രവർത്തക അവാർഡ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്തിന്

Jun 30, 2026 - 16:50
 0
കാൻഫെഡിന്റെ സംസ്ഥാന മികച്ച സാമൂഹ്യ പ്രവർത്തക അവാർഡ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്തിന്

നീലേശ്വരം: വിദ്യാഭ്യാസ, ഗവേഷണ, സാമൂഹ്യ സേവന രംഗങ്ങളിൽ ദീർഘകാലമായി സജീവമായി പ്രവർത്തിച്ചുവരുന്ന നീലേശ്വരം സ്വദേശിയായ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്തിന് കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്)യുടെ സംസ്ഥാന മികച്ച സാമൂഹ്യ പ്രവർത്തക അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന കാൻഫെഡ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബി.എസ്. ബാലചന്ദ്രനിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയും അസോസിയേറ്റ് എൻ.സി.സി. ഓഫീസറുമായ ഡോ. നന്ദകുമാർ കോറോത്ത് അക്കാദമിക, സാമൂഹിക, പരിസ്ഥിതി സംരക്ഷണ, ലഹരിവിരുദ്ധ ബോധവൽക്കരണ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ്. കോളേജിൽ പൂർവവിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി, ആന്റി നർക്കോട്ടിക്സ് സെൽ ഡയറക്ടർ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ, വിജിലൻസ് കമ്മിറ്റി കൺവീനർ, എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്, ടൂറിസം ക്ലബ് ഭാരവാഹി തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചുവരുന്നു. പി.ടി.എ സെക്രട്ടറി, ട്രഷറർ, കരിയർ ഗൈഡൻസ് സെൽ ഡയറക്ടർ എന്നീ നിലകളിലും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

കാസർഗോഡ് ജില്ലയിലെ ഒട്ടേറെ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം സജീവമാണ്. ശാസ്ത്ര-സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് ജില്ലാ ജനറൽ സെക്രട്ടറി, ബാലശാസ്ത്ര പരീക്ഷ ജില്ലാ കോ-ഓർഡിനേറ്റർ, എൻ.സി.സി. ഓഫീസേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ആൾ കേരള അലുംനി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. വിവിധ സംഘടനകളുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുമുണ്ട്.

ചരിത്ര ഗവേഷകനെന്ന നിലയിൽ നൂറിലധികം മഹാശിലാസ്മാരകങ്ങളും നവീന ശിലായുഗ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലങ്ങളിലായി അമ്പതിലധികം സെമിനാറുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം നൂറിലധികം ലേഖനങ്ങൾ ജേർണലുകളിലും സുവനീറുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാറാട് പുനരധിവാസ പ്രവർത്തനങ്ങൾ, ദുരന്തനിവാരണം, മദ്യ-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, നേതൃത്വ പരിശീലനം, കണ്ടൽ വനവൽക്കരണം, വൃക്ഷതൈ നടീൽ, പ്ലാസ്റ്റിക് മാലിന്യമുക്ത തീരശുചീകരണം, രക്തദാന ക്യാമ്പുകൾ, അർഹരായവർക്ക് ഭക്ഷ്യവിതരണം തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും വർഷങ്ങളായി നേതൃത്വം നൽകിവരികയാണ്.

ചിറക്കൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി.പി. പ്രിയയാണ് ഭാര്യ. മംഗളൂരു സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥി മോഹിത് നന്ദനും നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി മിലൻ നന്ദനും മക്കളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow