കൊറിയർ വഴി എംഡിഎംഎ കടത്തൽ ശ്രമം പൊളിഞ്ഞു; ചിത്താരി സ്വദേശി പിടിയിൽ

Jul 4, 2026 - 20:02
 0
കൊറിയർ വഴി എംഡിഎംഎ കടത്തൽ ശ്രമം പൊളിഞ്ഞു; ചിത്താരി സ്വദേശി പിടിയിൽ

കാഞ്ഞങ്ങാട്: കൊറിയർ സ്ഥാപനത്തെ മറയാക്കി മയക്കുമരുന്ന് കടത്താൻ നടത്തിയ ശ്രമം ജീവനക്കാരുടെ ജാഗ്രതയിൽ പൊളിഞ്ഞു. സംഭവത്തിൽ ചിത്താരി സ്വദേശിയായ ജാമിദ് അലവി (33)യെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.

അജാനൂർ ഗ്രാമപഞ്ചായത്തിലെ മടിയനിലുള്ള സ്വകാര്യ കൊറിയർ സ്ഥാപനത്തിൽ മെയ് 22-ന് രാത്രി പാർസൽ അയയ്ക്കാനെത്തിയ യുവാവ് രേഖകളിൽ അപൂർണ വിലാസമാണ് നൽകിയത്. ഇതിൽ സംശയം തോന്നിയ ജീവനക്കാർ പൂർണ വിവരങ്ങൾ ആവശ്യപ്പെട്ടതോടെ യുവാവ് പാർസൽ അവിടെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

ഉപേക്ഷിക്കപ്പെട്ട പാർസൽ പരിശോധിച്ച ജീവനക്കാർ അതിനുള്ളിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി ഉടൻ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ 1.580 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. തുടർന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പാർസൽ അയയ്ക്കാനെത്തിയ ജാമിദ് അലവിയെ ചിത്താരിയിൽ നിന്ന് പോലീസ് പിടികൂടിയത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിതിൻ, നീതു തച്ചഞ്ചേരി, പ്രേമൻ സി.വി., സീനിയർ സിവിൽ പോലീസ് ഓഫീസർ രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊറിയർ ശൃംഖല ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്തിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow