ദുബായിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 33 സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ നിലവിൽ വന്നു.

Mar 13, 2026 - 14:01
 0
ദുബായിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 33 സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ നിലവിൽ വന്നു.

ദുബായ്: ദുബായിലുടനീളമുള്ള ഉപഭോക്താക്കൾക്ക് മനുഷ്യ ഇടപെടലുകളില്ലാതെ 24 മണിക്കൂറും സേവനം നൽകുന്ന 33 സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ (എസ് പി എസ്) പ്രവർത്തിക്കുന്നതായി ദുബായ് പോലീസ് അറിയിച്ചു. ക്രിമിനൽ റിപ്പോർട്ടുകളും പരാതികളും, ട്രാഫിക് സേവനങ്ങളും അപകടങ്ങളും, സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും, കമ്മ്യൂണിറ്റി പങ്കാളിത്തവും പിന്തുണയും എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായി മൊത്തം 32 സേവനങ്ങൾ ഈ സ്മാർട്ട് സ്റ്റേഷനുകൾ വഴി ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരെയും സന്ദർശകരെയും പരിഗണിച്ച് ഈ സ്റ്റേഷനുകൾ പല ഭാഷകളിലും സേവനങ്ങൾ നൽകുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവ്-ത്രൂ, വാക്ക്-ഇൻ, സബർബൻ പോലീസ് പോയിന്റുകൾ എന്നിവയിലൂടെയായാലും എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. സുരക്ഷിത നഗരമായി ദുബായിയെ നിലനിർത്താനും താമസത്തിനും തൊഴിലും വിനോദസഞ്ചാരത്തിനും അനുയോജ്യമായ ആഗോള കേന്ദ്രമാക്കാനും ഇതിലൂടെ സഹായമാകുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. സ്മാർട്ട് സ്റ്റേഷനുകളിലൂടെ ഉപഭോക്താക്കൾക്ക് അന്വേഷണ ഉദ്യോഗസ്ഥരുമായി തത്സമയ വീഡിയോ ലിങ്ക് വഴി സംസാരിച്ച് ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യാനും സാധിക്കും. ഇതിലൂടെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാകും. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ വിശദീകരിക്കുകയും ഇലക്ട്രോണിക് ഒപ്പിനായി പ്രസ്താവനകൾ അയയ്ക്കുകയും ചെയ്യും. ക്രിമിനൽ പരാതികൾ നൽകൽ, ബൗൺസ് ചെയ്ത ചെക്ക് റിപ്പോർട്ടുകൾ, സൈബർ കുറ്റകൃത്യ റിപ്പോർട്ടിംഗ്, ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, നഷ്ട സർട്ടിഫിക്കറ്റ്, ട്രാഫിക് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ട്രാഫിക് സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, മൃതശരീര പ്രവേശന പെർമിറ്റ്, റോഡ് ക്ലോഷർ പെർമിറ്റ്, സെയിലിംഗ് പെർമിറ്റ്, പോലീസ് മ്യൂസിയം സന്ദർശന അനുമതി, തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഈ സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ വഴി ലഭ്യമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow