നാല് കുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട്: ജില്ലയിൽ വിവിധ ഇടങ്ങളിൽ നിന്ന് നാല് കുട്ടികളെ കാണാതായ സംഭവങ്ങളിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ഞത്തൂർ സ്വാഗത ഹോട്ടലിന് സമീപത്തെ ഇബ്രാഹിമിന്റെ മകൻ യാസീർ ഹുസൈൻ (14), അമീറിന്റെ മകൻ സുൽത്താൻ (13) എന്നിവരെയാണ് കാണാതായത്. അകന്ന് ബന്ധുക്കളായ ഇരുവരെയും ഇന്നലെ വൈകിട്ട് വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ സമാനമായ മറ്റൊരു സംഭവത്തിൽ, ഓർക്കാടി നീരൊഴികെയിൽ പ്രവർത്തിക്കുന്ന ബാലികാശ്രമ ട്രസ്റ്റിന് കീഴിലുള്ള ആശ്രമത്തിൽ താമസിച്ചിരുന്ന ഉറുദുർ മണിയൂരിലെ വിജയപ്പന്റെ മകൾ അമൃത (15), കേളുഗുഡ്ഡയിലെ സുമിത്രയുടെ മകൾ കെ.വി. അനന്യ (14) എന്നിവരെയും കാണാതായി. ഇന്നലെ രാത്രി 7 മണി മുതൽ കുട്ടികളെ ആശ്രമത്തിൽ നിന്ന് കാണാതായതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
What's Your Reaction?