പാണത്തൂരിലെ പെരുതടി അംഗൻവാടി വളവിൽ വീണ്ടും അപകടം; കർണാടക സ്വദേശികളായ വിനോദസഞ്ചാരികൾക്ക് പരിക്ക്

Jun 24, 2026 - 18:08
 0
പാണത്തൂരിലെ പെരുതടി അംഗൻവാടി വളവിൽ വീണ്ടും അപകടം; കർണാടക സ്വദേശികളായ വിനോദസഞ്ചാരികൾക്ക് പരിക്ക്

പാണത്തൂർ: നിരന്തരം അപകടങ്ങൾ നടക്കുന്ന പാണത്തൂർ പെരുതടി അംഗൻവാടി വളവിൽ ബുധനാഴ്ച വീണ്ടും അപകടം. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ വൈകുന്നേരം നാലുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. അപകടത്തിൽപ്പെട്ടവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.

നിരന്തരം അപകടങ്ങൾ നടക്കുന്ന അംഗൻവാടി വളവിലാണ് ഈ അപകടവും ഉണ്ടായത്. കുത്തനെയുള്ള ഇറക്കവും അമിതവേഗതയും, മറ്റ് പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് അപകടസാധ്യത മനസ്സിലാക്കാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കൊടുംവളവിൽ ആവശ്യമായ റോഡ് വീതി ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നാണ് ആരോപണം.

വളവിനോട് ചേർന്നുള്ള അംഗൻവാടിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കി റോഡിന് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഏറെക്കാലമായി രംഗത്തുണ്ട്. എന്നാൽ ഇതുവരെ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അംഗൻവാടി കെട്ടിടം പൊളിച്ചുമാറ്റി റോഡ് വികസിപ്പിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

ഓരോ അപകടവും സംഭവിക്കുമ്പോഴും സുരക്ഷാ നടപടികൾ സ്വീകരിക്കാമെന്ന വാഗ്ദാനം മാത്രമാണ് അധികൃതർ നൽകുന്നതെന്നും, എന്നാൽ പ്രായോഗികമായ ഇടപെടലുകൾ ഒന്നും നടക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി

What's Your Reaction?

like

dislike

love

funny

angry

sad

wow