പ്രവാസികൾക്കും ആശ്വാസം; ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ചട്ടത്തിൽ മാറ്റം
നേരത്തെ ലൈസൻസ് പുതുക്കിയാലും കാലാവധി നഷ്ടപ്പെടില്ല
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് ആശ്വാസകരമായ ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കിയാലും നിലവിലുള്ള കാലാവധി നഷ്ടപ്പെടില്ല.
ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് വരെ പുതുക്കലിന് അപേക്ഷിക്കാനാണ് പുതിയ ഭേദഗതിയിലൂടെ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ലൈസൻസ് പുതുക്കിയാൽ അപേക്ഷ സമർപ്പിച്ച ദിവസം മുതലായിരുന്നു പുതിയ കാലാവധി കണക്കാക്കിയിരുന്നത്.
എന്നാൽ പുതിയ വ്യവസ്ഥ പ്രകാരം നേരത്തെ ലൈസൻസ് പുതുക്കിയാലും നിലവിലെ ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ കാലാവധി കണക്കാക്കുക. ഇതോടെ നേരത്തെ പുതുക്കുന്നതിനാൽ നിലവിലുള്ള കാലാവധിയിലെ ദിവസങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാകും.
അതേസമയം, ലൈസൻസിന്റെ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പിഴയില്ലാതെ പുതുക്കാനുള്ള സൗകര്യവും തുടരും. വിദേശത്ത് കഴിയുന്ന പ്രവാസികൾക്കും ജോലി സംബന്ധമായി നിരന്തരം യാത്ര ചെയ്യുന്നവർക്കും പുതിയ ഭേദഗതി ഏറെ പ്രയോജനകരമാകും.
What's Your Reaction?