പ്രിയദർശിനി യാത്രാ പദ്ധതിക്ക് ലോഗോ മത്സരം; മികച്ച ഡിസൈനിന് 10,000 രൂപ സമ്മാനം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ “പ്രിയദർശിനി” യാത്രാ പദ്ധതിക്കായി ലോഗോ രൂപകൽപ്പനാ മത്സരം സംഘടിപ്പിക്കുന്നു. പദ്ധതിക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ചതായി അധികൃതർ അറിയിച്ചു. മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നൽകും.
സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതും “പ്രിയദർശിനി” പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളുന്നതുമായ ലോഗോ ആയിരിക്കണം സമർപ്പിക്കേണ്ടത്. ലോഗോ പൂർണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണമെന്നും പകർപ്പവകാശ ലംഘനം ഉണ്ടാകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെഎസ്ആർടിസിക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
എൻട്രികൾ PNG, PSD, PDF, CDR ഫോർമാറ്റുകളിൽ സമർപ്പിക്കാം. വെക്ടർ ഫോർമാറ്റ് ലഭ്യമെങ്കിൽ AI, EPS, SVG ഫയലുകളും ചേർക്കാം. കുറഞ്ഞത് 300 DPI റസലൂഷനിലും 6000 × 6000 പിക്സൽ വലുപ്പത്തിലും ആയിരിക്കണം ലോഗോ. RGB കളർ മോഡ് നിർബന്ധമാണെന്നും പ്രിന്റിംഗിനായി CMYK വേർഷൻ അഭികാമ്യമാണെന്നും അറിയിച്ചിട്ടുണ്ട്. ഫയൽ വലുപ്പം പരമാവധി 100 എംബി ആയിരിക്കണം.
ലോഗോയ്ക്കൊപ്പം പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, കൂടാതെ 50 മുതൽ 100 വാക്കുകൾ വരെയുള്ള ആശയ വിവരണം എന്നിവയും സമർപ്പിക്കണം. എൻട്രികൾ priyadarshini@keralartc.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. ജൂൺ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
What's Your Reaction?