മഞ്ചേശ്വരത്ത് മലയാളം അക്കാദമി സ്ഥാപിക്കണം; ഭരണ ഭാഷാ സമിതി

May 1, 2026 - 21:43
 0
മഞ്ചേശ്വരത്ത് മലയാളം അക്കാദമി സ്ഥാപിക്കണം; ഭരണ ഭാഷാ സമിതി

മഞ്ചേശ്വരം: ഭാഷാ വൈവിധ്യത്തിന് പേരുകേട്ട മഞ്ചേശ്വരത്ത് മലയാളത്തിനും തക്ക സ്ഥാനം ഉറപ്പാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. തുളു, ഉറുദു, യക്ഷഗാന, കബഡി അക്കാദമികൾ പ്രവർത്തിക്കുന്ന പ്രദേശത്ത് മലയാളം അക്കാദമി കൂടി സ്ഥാപിക്കണമെന്ന് ജില്ലാ ഭരണ ഭാഷാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

മംഗൽപാടി ജി.ബി.എൽ.പി സ്കൂളിലെ ഒഴിഞ്ഞുകിടക്കുന്ന ഒൻപത് കെട്ടിടങ്ങളിൽ ഒരെണ്ണം അക്കാദമിക്കായി അനുവദിക്കണമെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു. കേരളപ്പിറവിക്ക് ശേഷം ഏഴു ദശാബ്ദങ്ങൾ പിന്നിട്ടിട്ടും മഞ്ചേശ്വരത്ത് മലയാള ഭാഷയ്ക്ക് ആവശ്യമായ വളർച്ച ലഭിച്ചിട്ടില്ലെന്നതാണ് സമിതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തിൽ സർക്കാരിന്റെ സജീവ ഇടപെടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, കന്നട മാധ്യമം വിദ്യാലയങ്ങളിൽ ആരംഭിച്ച മലയാള പഠനം ഭാഷ ന്യൂനപക്ഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി പ്രവേശനം വർധിക്കാൻ സഹായിച്ചതായി യോഗം വിലയിരുത്തി. ഈ സംവിധാനം മിശ്രവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു.

നാസർ ചെർക്കള അധ്യക്ഷനായി. എഴുത്തുകാരൻ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം.കെ. അലി  എം.എ. നജീബ്, അബ്ബാസ് ഓണന്ത, മാധവ ബാല്യായ, ചന്ദ്രശേഖര വൈദ്യർ, മഹ്മൂദ് കൈക്കമ്പ, കെ.എം. ഇർഷാദ്, യഹ്‌യ, റഫീഖ്, ഇബ്രാഹിം പെരിങ്കടി, ഡി.കെ. മൂസ, ഹമീദ് കാണിയൂർ, ഡി. രാജു, അലി പാത്തൂർ എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow