"വായന വെളിച്ചം വായന കളരി" സമാപിച്ചു

May 31, 2026 - 12:18
 0
"വായന വെളിച്ചം വായന കളരി" സമാപിച്ചു
"വായന വെളിച്ചം വായന കളരി" സമാപിച്ചു
"വായന വെളിച്ചം വായന കളരി" സമാപിച്ചു

മടിക്കൈ: വായനയുടെ പുതുവഴികൾ തുറന്ന് കുട്ടികളിലും സമൂഹത്തിലും വായനാശീലം വളർത്തിയ മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച ‘വായന വെളിച്ചം’ വായനകളരിയുടെ സമാപനച്ചടങ്ങ് കലാ-സാംസ്‌കാരിക പരിപാടികളുടെ നിറവിൽ ശ്രദ്ധേയമായി.

ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ നാലാം വാർഡ് മെമ്പർ കെ.വി ബാലൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

വായനകളരിയിലൂടെ കുട്ടികൾ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിച്ച കയ്യെഴുത്ത് പ്രതി മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ പ്രകാശനം ചെയ്തു. കുട്ടികളുടെ സൃഷ്ടിപരമായ ഇടപെടലുകൾക്ക് ചടങ്ങിൽ വലിയ കൈയടിയാണ് ലഭിച്ചത്.

സാഹിത്യവും കലയും കൈകോർത്ത പരിപാടിയിൽ മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന നോവലിനെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച ലഘുനാടകരൂപം ശ്രദ്ധ പിടിച്ചുപറ്റി. വിവിധ നൃത്താവിഷ്കാരങ്ങളും പ്രശസ്ത നാടൻപാട്ട് കലാകാരൻ അഭിരാജ് നടുവിൽ അവതരിപ്പിച്ച നാടൻപാട്ടുകളും ചടങ്ങിന് കൂടുതൽ ആവേശം പകർന്നു.

ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ജയൻ മടിക്കൈ, സി.പി.ഐ.(എം) തോട്ടിനാട്ട് ബ്രാഞ്ച് സെക്രട്ടറി കെ.വി കുഞ്ഞിക്കോരൻ, കയ്യുള്ള കൊച്ചി ബ്രാഞ്ച് സെക്രട്ടറി കെ. സുരേന്ദ്രൻ, മുണ്ടോട്ട് ബ്രാഞ്ച് സെക്രട്ടറി എം. കുഞ്ഞിരാമൻ, മേരാംഗലം ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ കാരളി എന്നിവർ സംസാരിച്ചു.

വായനശാല സെക്രട്ടറി കെ. സത്യൻ സ്വാഗതവും പ്രസിഡൻ്റ് എം. സതീശൻ അധ്യക്ഷപ്രസംഗവും നടത്തി. കമ്മിറ്റി അംഗം എ. പ്രകാശൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നാട്ടുകാരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow