വായനയുടെ വെളിച്ചത്തിൽ തെയ്യക്കഥകൾ; കുട്ടികൾക്ക് വേറിട്ട അനുഭവമായി ‘ചിലമ്പൊലി’

May 17, 2026 - 21:41
 0
വായനയുടെ വെളിച്ചത്തിൽ തെയ്യക്കഥകൾ; കുട്ടികൾക്ക് വേറിട്ട അനുഭവമായി ‘ചിലമ്പൊലി’

മടിക്കൈ: വായനയെയും, പാരമ്പര്യ സംസ്കാരത്തെയും കൂട്ടിയിണക്കി കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി മടിക്കൈ മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വായന വെളിച്ചം’ വായന കളരി. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി നടന്ന പതിനൊന്നാമത് കൂടിച്ചേരലാണ് ശ്രദ്ധേയമായത്.

മുൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ മുഖ്യ ആകർഷണമായെത്തിയ പ്രശസ്ത തെയ്യം കലാകാരൻ ബാലകൃഷ്ണൻ കലയപ്പാടി തന്റെ ജീവിതയാത്രയും തെയ്യലോകത്തിലെ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു.

‘ചിലമ്പൊലി’ എന്ന പേരിൽ സംഘടിപ്പിച്ച സംവാദവേദിയിൽ വിവിധ തെയ്യങ്ങളുടെ ഐതിഹ്യങ്ങളും, ആചാരങ്ങളും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. തെയ്യത്തിന്റെ കഥകളും, വിശ്വാസങ്ങളും നേരിട്ട് കേൾക്കാനായ അവസരം കുട്ടികൾക്ക് പുതിയ അറിവും, കൗതുകവും പകർന്നു.

ശ്രീഹരി കലയപ്പാടി, സി.പി.ഐ.(എം) കയ്യുള്ള കൊച്ചി ബ്രാഞ്ച് സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എ.സി. അബ്ദുൾ സലാം, കവിത കുമാരൻ, ലൈബ്രേറിയൻ സുശീല എ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചടങ്ങിൽ ബാലകൃഷ്ണൻ കലയപ്പാടിയെ എം. അബ്ദുൾ റഹ്മാൻ പൊന്നാടയണിയിച്ച് ആദരിച്ചു. വായനശാല പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സത്യൻ സ്വാഗതം ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow