സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച കേസ്; യുവതി അറസ്റ്റിൽ
മേൽപ്പറമ്പ്: സുഹൃത്തിന്റെ 16 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (25) ആണ് പിടിയിലായത്. മാത്തിൽ പൊലീസിന്റെ സഹായത്തോടെ മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ. പി. രാഘവനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഞ്ച് പോക്സോ കേസുകളിലെ പ്രതിയായ സ്നേഹ, മാത്തിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ രാത്രികാല റെയ്ഡിലാണ് പിടിയിലായത്.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 16കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ സ്നേഹയെ കണ്ണൂർ ജയിലിൽവച്ചാണ് മാതാവ് പരിചയപ്പെട്ടത്. പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, ഒരു വർഷത്തോളം സ്നേഹ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായും ഈ കാലയളവിലാണ് പെൺകുട്ടി പീഡനത്തിനിരയായതെന്നും പൊലീസ് പറഞ്ഞു.
ഭയത്തെ തുടർന്ന് പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ഷെൽട്ടർ ഹോമിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് അധികൃതർ പൊലീസിനെ അറിയിക്കുകയും ജൂൺ 13ന് സ്നേഹക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മാത്തിലിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
What's Your Reaction?