ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽ; എം.എൽ.എ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
പത്തനംതിട്ട: ആറന്മുള എം.എൽ.എ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രിയോടെ പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിന് സമീപം എം.എൽ.എയുടെ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ എം.എൽ.എ അബിൻ വർക്കിക്കും കാറിലുണ്ടായിരുന്ന ഡ്രൈവർ വിഷ്ണു, ജെറിൻ ജേക്കബ് പോൾ, അരുൺ എന്നിവർക്ക് പരിക്കേറ്റു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
പരിക്കേറ്റവരെ ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?