കാഞ്ഞങ്ങാടിന്റെ പൈതൃക സംരക്ഷണത്തിനായി ബജറ്റിൽ ഒരുകോടി രൂപ വകയിരുത്തി: മുഖ്യമന്ത്രി

Feb 8, 2026 - 19:23
 0
കാഞ്ഞങ്ങാടിന്റെ പൈതൃക സംരക്ഷണത്തിനായി ബജറ്റിൽ ഒരുകോടി രൂപ  വകയിരുത്തി: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: ജ്ഞാനദായിനി ദേശീയ വിദ്യാലയം ഉൾപ്പടെ കാഞ്ഞങ്ങാടിൻ്റെ സ്വാതന്ത്ര്യ സമരചരിത്രം പരിഗണിച്ച് ദേശീയ പൈതൃക സംരക്ഷണത്തിന്റെ വാർഷിക ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദ്വാൻ പി കേളുനായർ അധസ്ഥിതരുടെ വിമോചനത്തിനുവേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയും നാടകകൃത്തും കവിയുമായിരുന്നു. സാമൂഹ്യ പരിഷ്ക്കരണവും ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ കരുത്തുറ്റ പ്രതിരോധവും ഉൾചേർന്നതാണ് മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം സ്ഥാപിച്ച വിജ്ഞാനദായിനിയുടെ പൈതൃകം ദേശീയ വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നതിലൂടെ കേവലം ആഘോഷം മാത്രമല്ല ആധുനിക കേരള സമൂഹത്തിൻ്റെ പരിണാമ ചരിത്രം ഓർമപ്പെടുത്തൽ കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ന് ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. സ്കൂൾ വലിയതോതിൽ നവീകരിച്ച് അക്കാഡമിക് തലത്തിൽ മാറ്റം വരുത്തി. ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളും സ്കൂൾ ഹൈടെക് സ്കൂളുമായി മാറി. ഇന്ന് രാജ്യത്തെ ഏത് സ്കൂളിനോടും കിടപിടിക്കുന്ന രീതിയിലാണ് വിജ്ഞാന ദായിനി വിദ്യാലയം എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 മുതൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. പാഠപുസ്തകങ്ങൾ കിട്ടാതിരുന്ന അവസ്ഥയിൽ നിന്ന് ജൂൺ ഒന്നിനു മുമ്പേ കുട്ടികൾക്ക് പാഠപുസ്തകം ലഭ്യമായി തുടങ്ങി. 5000 കോടി രൂപയാണ് സ്കൂൾ കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിച്ചത്. ആധുനിക റോബോട്ടിക് ലാബുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എ ഐ പരിശീലനവും ഉൾപ്പെടുത്തി സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളം നടപ്പിലാക്കുന്നത്. ഇതേ കാരണത്താൽ നീതി ആയോഗ് രാജ്യത്തെ തന്നെ മെച്ചപ്പെട്ട വിദ്യാഭ്യാസരംഗമായി കേരള വിദ്യാഭ്യാസ രംഗത്തെ അടയാളപ്പെടുത്തുന്നു.ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. എം രാജഗോപാലൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുജാത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ, ജില്ലാ പഞ്ചായത്തംഗം കെ സബീഷ്, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് വി വി തുളസി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പ്രസേനൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow