കിണറിൽ വീണ വയോധികനെയും, രക്ഷിക്കാനിറങ്ങി കിണറിൽ കുടുങ്ങിയ യുവാവിനെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന.

Nov 12, 2025 - 06:20
 0
കിണറിൽ വീണ വയോധികനെയും, രക്ഷിക്കാനിറങ്ങി കിണറിൽ കുടുങ്ങിയ യുവാവിനെയും രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന.

കാസർകോട്: കിണറിൽ വീണ വയോധികനെയും, രക്ഷിക്കാൻ ഇറങ്ങിയ യുപി സ്വദേശിയെയും രക്ഷപ്പെടുത്തി കാസർകോട്ട് അഗ്നി രക്ഷാസേന. ഇന്നലെ വൈകിട്ടാണ് തളങ്കര പള്ളിക്കാരിലെ അബ്ദുറഹ്മാന്റെ വളപ്പിലെ കിണറിലാണ് നെല്ലിക്കുന്ന് സ്വദേശി ടി എം മുനീർ(74) വീണത്. പതിനഞ്ച് കോൽ ആഴവും, പത്തടി വെള്ളവും, ആൾ മറയുമില്ലാത്ത കിണറിലാണ് വയോധികൻ അബദ്ധത്തിൽ വീണത്. സംഭവം കണ്ട ഉത്തർപ്രദേശ് സ്വദേശി ലുഖ്മാൻ(30) രക്ഷിക്കാൻ കിണറിൽ ഇറങ്ങി. മുങ്ങിത്താഴുകയും പൊങ്ങുകയും ചെയ്ത മുനീറിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ കയറിട്ടു കൊടുത്തു. വെള്ളത്തിൽ മുങ്ങി പോകാതിരിക്കാൻ കിണറിന്റെ പടവും ചവിട്ടി സുരക്ഷിതമായി പിടിച്ചുനിർത്തി. എന്നാൽ രക്ഷപ്പെടുത്താൻ ഇറങ്ങിയ ലുക്മാൻ കിണറിൽ കുടുങ്ങി. രണ്ടുപേരെയും കരക്ക് കയറ്റാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധ്യമായില്ല. തുടർന്ന് കാസർകോട്ടെ അഗ്നി സേനയെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ കിണറിൽ നിന്ന് മുനീറിനെയും, ലുഖ്മാനെയും സേനയുടെ റെസ്ക്യൂ നെറ്റിൽ കരയ്ക്ക് എത്തിച്ചു. സേനാംഗങ്ങളായ എം രമേശൻ, കെ ആർ അജേഷ്, എ ജെ അഭയ് സെൻ, എസ് അഭിലാഷ്, പിസി മുഹമ്മദ് സിറാജുദ്ദീൻ, ടി അമൽരാജ്, ഫയർ വുമൺ കെ ശ്രീജിഷ, ഹോംഗാർഡ് എൻ പി രാകേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow