ഗർഭാശയ ക്യാൻസർ പ്രതിരോധവും ആർത്തവ ശുചിത്വവും; ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: വേൾഡ് മലയാളി കൗൺസിലും കെയർ ആൻഡ് സേഫും സംയുക്തമായി ഗർഭാശയ ക്യാൻസർ പ്രതിരോധവും ആർത്തവ ശുചിത്വവും സംബന്ധിച്ച ബോധവൽക്കരണ സെമിനാർ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. പരിപാടി എംഎൽഎ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും പഠനോപകരണങ്ങളും വി.വി. രമേശൻ വിതരണം ചെയ്തു.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. സി.കെ. ഗായത്രി ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. വേൾഡ് മലയാളി കൗൺസിലിന്റെ സംസ്ഥാന പ്രസിഡന്റും കെയർ ആൻഡ് സേഫ് സി.ഇ.ഒയുമായ ഡോ. ശങ്കർ അയ്യർ ഗർഭാശയ ക്യാൻസർ പ്രതിരോധം, സ്ത്രീകളുടെ ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ പ്രഭാഷണം നടത്തി.
ഡോ. റോണി ഗിൽബർട്ട്, അനീഷ് അർജുൻ, പി.എം. വിൻസന്റ്, എൻ.ആർ. ജഗദീഷ്, ആന്റണി എം. ജോസഫ്, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ് അഡ്വ. എം.ജി. ശ്രീജിത്ത്, ഡബ്ല്യു.എം.സി കേരള കൗൺസിൽ ചെയർമാൻ പ്രസാദ് കുഴിക്കാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനം എല്ലാ പഞ്ചായത്തുതലങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കെ.ജെ. സജു നന്ദി രേഖപ്പെടുത്തി.
What's Your Reaction?