പൂരം കാണാനിറങ്ങിയ സമയം കവർച്ച; 25 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് കാസർകോട് സ്വദേശികളെ പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്തു

Mar 17, 2026 - 10:34
 0
പൂരം കാണാനിറങ്ങിയ സമയം കവർച്ച; 25 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് കാസർകോട് സ്വദേശികളെ പട്ടാമ്പി പോലീസ് അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്: വീട്ടുകാർ പൂരം കാണാൻ പോയ സമയത്ത് 25 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ കവർച്ചക്കാർ അറസ്റ്റിൽ. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയാട്ടടുക്കം ചെരുമ്പയിലെ അഹദ് മൻസിലിൽ താമസിക്കുന്ന എ എച്ച് ഹാഷിം(45), വിദ്യാനഗർ സ്വദേശി മനോജ് (49) എന്നിവരെയാണ് പട്ടാമ്പി പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച ഷൊർണൂർ കൂറ്റനാട് തൊഴുക്കാട്ട് ഹരിഭവനിൽ സുധീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സുധീറും കുടുംബവും ആമക്കാവ് ക്ഷേത്രത്തിലെ പൂരം കാണാൻ പോയ സമയത്താണ് സംഭവം. വീടിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ സംഘം അലമാര കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വ്യാപാരസ്ഥാപനത്തിന് മുന്നിലൂടെ നടന്നു പോകുന്നതും ബസ്സിൽ യാത്ര ചെയ്യുന്നതുമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതികൾ ബോവിക്കാനം ഭാഗത്ത് ഉണ്ടെന്ന വിവരത്തെ തുടർന്ന് പട്ടാമ്പി പോലീസ് എത്തി ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

ഹാഷിമിന്റെ പെരുമ്പയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 22 പവൻ സ്വർണം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ശനിയാഴ്ച തന്നെ കാസർകോട് എത്തിയ പ്രതികൾ സ്വർണം വിൽപ്പന നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ഞായറാഴ്ച കടകൾ തുറക്കാത്തതിനാൽ ഒളിവുസ്ഥലത്തേക്ക് തന്നെ മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow