ബൈക്കിൽ 5.5 കിലോ കഞ്ചാവ് കടത്ത് കേസ്; രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിന തടവ്

Jun 24, 2026 - 17:08
 0
ബൈക്കിൽ 5.5 കിലോ കഞ്ചാവ് കടത്ത് കേസ്; രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിന തടവ്

കാസർകോട്: ബൈക്കിൽ 5.5 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കയ്യാർ കണ്ണാടിപ്പാറ സ്വദേശി കലന്തർ എന്ന ശാഫി (34), കർണാടകയിലെ പേരാൻബെ ബീരന്തടുക്ക സ്വദേശി ബി. സന്ദേശ് (27) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി–2 ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2021 സെപ്റ്റംബർ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ മംഗൽപാടി ചുക്കിരി അടുക്കയിൽ വെച്ചാണ് പ്രതികളിൽ നിന്ന് 5.5 കിലോ കഞ്ചാവ് പിടികൂടിയത്. കുമ്പള സബ് ഇൻസ്പെക്ടർ വി.കെ. അനീഷും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തുടർന്ന് അന്നത്തെ കുമ്പള ഇൻസ്പെക്ടറായിരുന്ന പി. പ്രമോദ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി. ചന്ദ്രമോഹനും അഡ്വ. എം. ചിത്രകലയും ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow