മടിക്കൈയിൽ ചക്ക വിഭവങ്ങളുടെ വൈവിധ്യവുമായി കുടുംബശ്രീ ചക്ക ഫെസ്റ്റ്

Jun 6, 2026 - 14:04
 0
മടിക്കൈയിൽ ചക്ക വിഭവങ്ങളുടെ വൈവിധ്യവുമായി കുടുംബശ്രീ ചക്ക ഫെസ്റ്റ്

മടിക്കൈ: ചക്കയുടെ ഔഷധഗുണങ്ങളും പോഷകമൂല്യവും പൊതുജനങ്ങളിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിനും പാരമ്പര്യ-നൂതന ചക്ക വിഭവങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നതിനുമായി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് മടിക്കൈ സെക്കന്റിൽ നടന്ന പരിപാടിയിൽ പ്രദർശനം, വിപണനം, മത്സരങ്ങൾ എന്നിവയും നടന്നു.

ചക്ക കേക്ക്, ഉപ്പുമാവ്, പുഡ്ഡിംഗ്, കട്ലറ്റ്, ചക്കക്കുരു ലഡ്ഡു, പായസം, ഹൽവ, പുട്ട്, ഇഡ്ലി തുടങ്ങി 252-ഓളം വൈവിധ്യമാർന്ന ചക്ക വിഭവങ്ങളാണ് ഫെസ്റ്റിൽ അണിനിരന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.ബി. സീന അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജ്യോതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. പത്മിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞിക്കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ബിജു, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ കെ. രാജി, മെമ്പർ സെക്രട്ടറി ബാബു അപ്പ്യാൽ, ജില്ലാ മിഷൻ ജീവനക്കാരായ പി. സുധ, കെ. നിമിഷ, കെ. ജിജി എന്നിവർ സംസാരിച്ചു.

മെമ്പർ സെക്രട്ടറി ബാബു അപ്പ്യാൽ സ്വാഗതവും എം.ഇ. കൺവീനർ ഇന്ദു നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ട അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ചക്ക വിഭവ മത്സരത്തിൽ അഭയ കുടുംബശ്രീ ഒന്നാം സ്ഥാനവും, സ്നേഹ കുടുംബശ്രീ രണ്ടാം സ്ഥാനവും, ഇതൾ കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് അവാർഡും മുഴുവൻ എ.ഡി.എസ് യൂണിറ്റുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി. വിജയികൾക്കുള്ള ക്യാഷ് അവാർഡ് കേരള ഗ്രാമീൺ ബാങ്ക് നീലേശ്വരം ശാഖ സ്പോൺസർ ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow