യുകെയിലെ മലയാളി യൂറോളജിസ്റ്റ് ഡോ. റാഷിം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കാഞ്ഞങ്ങാട് കോട്ടിക്കുളത്തെ പള്ളിക്കുന്നിൽ ഡോ. ജാസിറിന്റെ സഹോദരി ജമീലയുടെയും ഉബൈദിന്റെയും മകളുടെ ഭർത്താവാണ്
കാഞ്ഞങ്ങാട്: കോഴിക്കോട് സ്വദേശിയും യുകെയിൽ യൂറോളജിസ്റ്റുമായിരുന്ന ഡോ. റാഷിം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. യുകെയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. നാട്ടിലേക്ക് വരാനുള്ള യാത്രയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ടിക്കറ്റ് എടുത്ത് കാത്തിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം.
രാത്രിയിൽ പതിവുപോലെ വെള്ളം കുടിക്കാൻ എഴുന്നേറ്റ അദ്ദേഹം ഏറെ നേരം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചപ്പോൾ സോഫയിൽ വീണുകിടക്കുന്നതായി കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കോഴിക്കോട് ലോ കോളജിന് സമീപം താമസിക്കുന്ന ഡോ. ബഷീറിന്റെ മകനാണ് റാഷിം. കാസർകോട് കോട്ടിക്കുളത്തെ പള്ളിക്കുന്നിൽ ഡോ. ജാസിറിന്റെ സഹോദരി ജമീലയുടെയും ഉബൈദിന്റെയും മകളുടെ ഭർത്താവാണ്. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്.
ഹവ്വാ കോളജ് മാനേജിങ് ഡയറക്ടർ, പ്യുർഹാർട്സ് ട്രസ്റ്റി, പീസ് വാപ്പോളിത്താഴം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന റാഷിം സാമൂഹ്യസേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഐഎസ്എം മുൻ മണ്ഡലം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
What's Your Reaction?