ശ്രീജിന മടിക്കൈ വയലാർ രാമവർമ്മ രാവണപുത്രി പുരസ്കാരം ഏറ്റുവാങ്ങി

Sep 21, 2026 - 09:01
 0
ശ്രീജിന മടിക്കൈ വയലാർ രാമവർമ്മ രാവണപുത്രി പുരസ്കാരം ഏറ്റുവാങ്ങി

മടിക്കൈ: തൃശ്ശൂർ നിർമാല്യം കലാ സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ വയലാർ രാമവർമ്മ രാവണപുത്രി പുരസ്കാരം മടിക്കൈ സ്വദേശിനിയും കവയിത്രിയും ഗാനരചയിതാവും ഗായികയുമായ ശ്രീജിന മടിക്കൈയ്ക്ക്. ശ്രീജിനയുടെ "നിലാപക്ഷി" എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.

തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജൻ കെ. പല്ലൻ എം.എൽ.എ ശ്രീജിനയ്ക്ക് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ കഥാകൃത്തും,നോവലിസ്റ്റുമായ കെ.ഉണ്ണികൃഷ്ണൻ, എം.ഡി.രത്നമ്മ, മാതൃഭൂമി റിജീണൽ മാനേജർ വിനോദ് പി നാരായണൻ തുടങ്ങി സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ശ്രീജിന ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും കവിതയെ ചേർത്തുപിടിച്ചാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയവും വിരഹവും അക്ഷരങ്ങളിലൂടെ പകർത്തിയായിരുന്നു എഴുത്തിന്റെ തുടക്കം. സുഹൃത്തിന്റെ പ്രോത്സാഹനം എഴുത്തിൽ കൂടുതൽ ആത്മവിശ്വാസം പകർന്നു. പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ കവിതകൾ പങ്കുവെച്ചപ്പോൾ ലഭിച്ച വായനക്കാരുടെയും നാട്ടുകാരുടെയും പിന്തുണയാണ് കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിലേക്ക് വഴിതുറന്നത്.

മടിക്കൈയിലെ ടി.എസ്. തിരുമുമ്പ് വായനശാലയുടെ നേതൃത്വത്തിലാണ് നിലാപക്ഷി പ്രസിദ്ധീകരിച്ചത്. പുസ്തകം പുറത്തിറക്കാൻ ഒപ്പം നിന്ന വായനശാല സെക്രട്ടറി മോഹനനും തുളുനാട് മാസികയിലെ കുമാരനും നൽകിയ പിന്തുണ ഒരിക്കലും മറക്കാനാകില്ലെന്ന് ശ്രീജിന "മടിക്കൈ ഡോട്ട് കോമി" നോട് പറഞ്ഞു. ഇവരുടെ പിന്തുണയോടെയാണ് നിലാപക്ഷി വെളിച്ചം കണ്ടതെന്നും അവർ വ്യക്തമാക്കി.

സമാഹാരത്തിന് ആദ്യ പുരസ്കാരമായി കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു. തുടർന്ന് കാവ്യശ്രേഷ്ഠ പുരസ്കാരവും ഇപ്പോൾ വയലാർ രാമവർമ്മ രാവണപുത്രി പുരസ്കാരവും ശ്രീജിനയെ തേടിയെത്തി.

തന്നെ എഴുത്തുകാരിയായി വളർത്തിയതിൽ സ്വന്തം നാടിനും നാട്ടുകാർക്കും വലിയ പങ്കുണ്ടെന്ന് ശ്രീജിന വാക്തമാക്കി. ലഭിച്ച അംഗീകാരങ്ങൾ ഏറെ അഭിമാനകരമാണെന്നും തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരോടും എന്നും കടപ്പെട്ടിരിക്കുമെന്നും അവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow