മടിക്കൈയിൽ ‘അഭിവൃദ്ധി’ മാതൃകാ ഗ്രാമം പരിശീലനം നാളെ
മടിക്കൈ: കൃഷി ഭവൻ ആത്മ ഘടകത്തിൽ ഉൾപ്പെടുത്തി നടത്തുന്ന പരിശീലനത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 25ന് രാവിലെ 10ന് മടിക്കൈ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കപില ഗോശാലയുമായി സഹകരിച്ച് നടപ്പാക്കുന്ന ‘അഭിവൃദ്ധി മാതൃകാ ഗ്രാമം’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വീട്ടമ്മമാർക്ക് അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടുതന്നെ അധിക വരുമാനം കണ്ടെത്താനും സുരക്ഷിത ഭക്ഷണം ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയാണിത്. കൃഷി, മൃഗപരിപാലനം, ക്ഷീരവികസനം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ സ്വയംതൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
താൽപര്യവും അടിസ്ഥാനസൗകര്യങ്ങളുമുള്ള ഗുണഭോക്താക്കൾക്ക് വളർത്തുന്നതിനായി നാടൻ പശുക്കളെ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിക്കും. മടിക്കൈ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ, വൈസ് പ്രസിഡന്റ് പി.വി. ജ്യോതി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. രാജൻ, വാർഡ് മെമ്പർ എം. പുഷ്പാവതി, കൃഷി ഓഫീസർ സി. പ്രമോദ് കുമാർ, കപില ഗോശാല മാനേജിങ് ട്രസ്റ്റി പി.കെ. ലാൽ, ട്രസ്റ്റി വിനോദ് കെ. എന്നിവർ സംസാരിക്കും.
മൃഗസംരക്ഷണ വകുപ്പ് കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്തോഷ് കെ.വി., തൃശ്ശൂർ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.എ. മനോജ് കുമാർ, കാസർകോട് റിട്ട. ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. വി.വി. പ്രദീപ് കുമാർ, ഡോ. സതീശൻ, ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ഐ.ഇ.ഒ എൻ. അശോക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സ്ലറി കിറ്റും നിലവിൽ പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള കിറ്റും സൗജന്യമായി വിതരണം ചെയ്യും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ചടങ്ങിൽ നൽകും.
What's Your Reaction?