ഐഷി ഘോഷിന് അഴീക്കോടൻ സ്മാരക പുരസ്കാരം

Sep 5, 2026 - 16:46
 0
ഐഷി ഘോഷിന് അഴീക്കോടൻ സ്മാരക പുരസ്കാരം

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അഴീക്കോടൻ മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഏർപ്പെടുത്തിയ നാലാമത് അഴീക്കോടൻ സ്മാരക പുരസ്കാരം എസ്എഫ്ഐ നേതാവും ദില്ലി ജെഎൻയു സർവകലാശാല മുൻ ചെയർമാനുമായ ഐഷി ഘോഷിന് സമ്മാനിക്കും.

ഫീസ് വർധനവിനെതിരായ പ്രക്ഷോഭങ്ങളിലൂടെയും ജന്തർ മന്തറിലെ വിദ്യാർഥി സമരങ്ങളിലൂടെയും ദേശീയതലത്തിൽ ശ്രദ്ധേയയായ ഐഷി ഘോഷിന്റെ രാഷ്ട്രീയ ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

10,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. പി.വി.കെ. പനയാൽ, ഡോ. സി. ബാലൻ, അഡ്വ. കെ. രാജ്മോഹൻ, പ്രസന്നകുമാരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

സെപ്റ്റംബർ 23ന് വെള്ളിക്കോത്ത് നടക്കുന്ന അഴീക്കോടൻ ദിനാചരണ ചടങ്ങിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതി പുരസ്കാരം സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ ജൂറി സമിതി അംഗം ഡോ. സി. ബാലൻ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ, ക്ലബ് ഭാരവാഹികളായ ദാമോദരൻ ആലിങ്കാൽ, കെ. സുജിത്ത് എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow