തെങ്ങ് മുറിച്ചുമാറ്റാൻ ഉത്തരവുണ്ടായിട്ടും നടപടിയില്ലെന്ന് പരാതി; വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്

Oct 24, 2026 - 07:16
 0
തെങ്ങ് മുറിച്ചുമാറ്റാൻ ഉത്തരവുണ്ടായിട്ടും നടപടിയില്ലെന്ന് പരാതി; വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്

അമ്പലത്തറ: അയൽവാസിയുടെ തെങ്ങ് വീടിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്നതിനാൽ ഓലകളും തേങ്ങയും വീണ് വീട് അപകടഭീഷണിയിലാണെന്ന് പരാതി. മീങ്ങോത്ത് എതൃക്കയിൽ താമസിക്കുന്ന യശോദയാണ് പഞ്ചായത്ത് അധികൃതർക്കും റവന്യൂ ഡിവിഷണൽ ഓഫീസർക്കും പരാതി നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പരാതി നൽകിയത്.

തെങ്ങ് മുറിച്ചുമാറ്റാൻ രണ്ട് തവണ ആർ.ഡി.ഒ ഉത്തരവിട്ടിരുന്നെങ്കിലും ഇത് നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കഴിഞ്ഞ മാസം എട്ടിന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗവും തെങ്ങ് മുറിച്ചുമാറ്റാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.

പുല്ലൂർ–പെരിയ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് പരാതിക്കാരിയും കുടുംബവും താമസിക്കുന്നത്. പ്രസിഡന്റിനോട് നിരവധി തവണ പരാതി പറഞ്ഞിട്ടും എതിർഭാഗം പ്രസിഡന്റിന് വേണ്ടപ്പെട്ടവരായതിനാൽ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.

തേങ്ങയും ഓലയും വീണ് നിരവധി തവണ വീടിന്റെ ഓടുകൾ മാറ്റേണ്ടിവന്നിട്ടുണ്ടെന്നും എല്ലാ സമയത്തും ഇത് സാധ്യമല്ലെന്നും കുടുംബം പറയുന്നു. ശക്തമായ കാറ്റിലും മഴയിലും ഭീതിയോടെയാണ് കഴിയുന്നതെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ വിശദീകരണവുമായി പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത രംഗത്തെത്തി. ഒരു വ്യക്തിയുടെ ഭാഗം പിടിക്കുകയല്ല, ഇരുകൂട്ടരുടെയും അവകാശങ്ങളും താൽപര്യങ്ങളും പരിഗണിച്ച് നീതിപൂർവമായ നിലപാട് സ്വീകരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്വമെന്ന് അവർ പറഞ്ഞു.

പതിനഞ്ച് സെന്റോളം വരുന്ന പുരയിടത്തിൽ ഇരുപത് വർഷത്തോളം പഴക്കമുള്ളതും നന്നായി കായ്ക്കുന്നതുമായ തെങ്ങിനെച്ചൊല്ലി അതിർത്തി പങ്കിടുന്ന രണ്ട് അയൽക്കാർക്കിടയിൽ ഉടലെടുത്ത തർക്കമാണിതെന്ന് പ്രസിഡന്റ് വിശദീകരിച്ചു. പുതുതായി വീട് നിർമിക്കുന്നതിനിടെ തെങ്ങ് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ടിരുന്നു.

തെങ്ങ് കമ്പികൊണ്ട് വലിച്ചുകെട്ടുകയും അതിർത്തിയുടെ ഭാഗത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഓലകളും ഇളംതേങ്ങകളും ഉൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് തെങ്ങ് മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു.

തെങ്ങിന്റെ ഉടമസ്ഥൻ പോലും അത് മുറിച്ചുമാറ്റുന്നതിന് തടസ്സമില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ, പരാതിക്കാരിയുടെ സ്വന്തം ചെലവിൽ അയൽവാസിയുടെ സ്വത്തിനും മറ്റും കേടുപാടുകൾ സംഭവിക്കാത്തവിധം ആവശ്യമായ മുൻകരുതലുകളോടെ തെങ്ങ് മുറിച്ചുമാറ്റാമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ ആദ്യഘട്ടത്തിൽ സ്വന്തം ചെലവിൽ തെങ്ങ് മുറിച്ചുമാറ്റാൻ പരാതിക്കാരി തയ്യാറായിരുന്നില്ലെന്നാണ് അവരുടെ വിശദീകരണം.

പിന്നീട് തെങ്ങ് മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളും വാശിയും വർധിച്ചതോടെ വിഷയം കൂടുതൽ സങ്കീർണമായി. നിലവിൽ പഞ്ചായത്ത് തീരുമാനത്തിനെതിരെ തെങ്ങിന്റെ ഉടമസ്ഥൻ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യവുമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

പരാതി ഉന്നയിക്കുന്നയാളും പരാതിക്ക് വിധേയനാകുന്നയാളും ആരായാലും ഒരേ മാനദണ്ഡത്തിലാണ് കാര്യങ്ങൾ പരിശോധിക്കേണ്ടതെന്നും വ്യക്തിബന്ധങ്ങൾക്കോ സമ്മർദങ്ങൾക്കോ വാശികൾക്കോ പകരം യുക്തിക്കും നീതിക്കും നിയമത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നും ഡോ. സി.കെ. സബിത വ്യക്തമാക്കി.

തനിക്കെതിരെ പരാതിക്കാരി വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും അത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ പ്രസിഡന്റ്, വ്യക്തിപരമായി പ്രതികരിക്കുന്നതിനേക്കാൾ ഉത്തരവാദിത്വം സത്യസന്ധമായും നീതിപൂർവമായും നിർവഹിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow