മടിക്കൈയിൽ കൾച്ചറൽ ഫെസ്റ്റ് ‘കാമ്പ്’; 301 അംഗ സംഘാടകസമിതി
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2026 ഡിസംബർ അവസാനത്തിലും 2027 ജനുവരി ആദ്യവാരത്തിലുമായി സംഘടിപ്പിക്കുന്ന കൾച്ചറൽ ഫെസ്റ്റ് ‘കാമ്പി’ന്റെ വിജയത്തിനായി 301 അംഗ സംഘാടകസമിതി രൂപീകരിച്ചു. മേക്കാട്ട് സ്കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിരവധിപേർ പങ്കെടുത്തു.
ക്രിയേറ്റീവ് ആർട്സ് ഫെസ്റ്റ് ഇൻ മടിക്കൈ പഞ്ചായത്ത് എന്നതിന്റെ ചുരുക്കപ്പേരായ ‘കാമ്പ്’ മൂന്ന് ദിവസങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. മടിക്കൈയുടെ തനത് പാരമ്പര്യകലകൾ, നാട്ടിലെയും മറുനാട്ടിലെയും കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, വിവിധ സ്റ്റാളുകളിലായി പ്രദർശന-വിപണന കേന്ദ്രങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, സിനിമാ-സീരിയൽ താരങ്ങൾ തുടങ്ങി നിരവധി പേർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി.വി. ഷാജികുമാർ ഫെസ്റ്റിന്റെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.
നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ബാലകൃഷ്ണൻ, എം. രാജൻ, സി. പ്രഭാകരൻ, എസ്. പ്രീത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ. വേലായുധൻ, നാരായണൻ മുണ്ടോട്ട്, എം. ബാലകൃഷ്ണൻ, പി.പി. രാജു, മുൻ നഗരസഭാ ചെയർമാൻ കെ.പി. ജയരാജൻ, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. സജി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വി. പ്രകാശൻ (ചെയർമാൻ), എ. സജി (ജനറൽ കൺവീനർ), സന്തോഷ് ഏച്ചിക്കാനം, പി.വി. ഷാജികുമാർ (കോ-ഓർഡിനേറ്റർമാർ).
301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.
What's Your Reaction?