ഓണവിസ്മയം 2026: മുണ്ടോട്ട് താഴത്തുവീട് തറവാട്ടംഗങ്ങളുടെ കുടുംബ സംഗമം നടന്നു
നീലേശ്വരം: മടിക്കൈ മുണ്ടോട്ട് താഴത്തുവീട് തറവാട്ടംഗങ്ങളുടെ കുടുംബ സംഗമം ‘ഓണവിസ്മയം 2026’ എന്ന പേരിൽ നീലേശ്വരത്ത് സംഘടിപ്പിച്ചു. ജില്ലാ അഡീഷണൽ എസ്പിയുടെ ചുമതലയുള്ള എസ്.എം.എസ് ഡിവൈഎസ്പി ഉത്തംദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
തറവാട് പ്രസിഡന്റ് സത്യൻ മുണ്ടോട്ട് അധ്യക്ഷത വഹിച്ചു. സപ്തതി നിറവിലെത്തിയ തറവാട് കാരണവർ കുഞ്ഞമ്പു പുത്തൂരാനെ പൊന്നാട അണിയിച്ച് ആദരിച്ചു. നിരവധി ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ഡിവൈഎസ്പി ഉത്തംദാസിനെയും താഴത്തുവീട് തറവാടിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ബാലൻ പുത്തൂരാൻ, റിട്ട. എച്ച്.എം കമലാക്ഷി മുണ്ടോട്ട്, ബാലകൃഷ്ണൻ കലയപ്പാടി, സീതാരാമൻ നീലേശ്വരം, ഉദയൻ കലയപ്പാടി, സുമേഷ്, ബിജു എന്നിവർ സംസാരിച്ചു. ബൈജു കലയപ്പാടി സ്വാഗതവും റിട്ട. പോസ്റ്റ് മാസ്റ്റർ ഗോപിനാഥ് ഒടയംഞ്ചാൽ നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ പ്രതിഭകളായ തറവാട് അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികൾ, മാവേലിയെ ആനയിക്കൽ, ഓണസദ്യ എന്നിവയും കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്നു.
What's Your Reaction?