പുത്തക്കാൽ എഫ്.എച്ച്.സിയിൽ ഒ.പി സമയം വൈകിട്ട് നാല് വരെ നീട്ടി
പുത്തക്കാൽ എഫ്.എച്ച്.സിയിൽ ലക്ഷ്യം വൈകിട്ട് ആറുവരെ ഒ.പി പ്രവർത്തനം.വി. പ്രകാശൻ. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിലെ പുത്തക്കൽ ഫാമിലി ഹെൽത്ത് സെൻററിൽ (എഫ്.എച്ച്.സി.) സെപ്റ്റംബർ ഒന്നു മുതൽ ഒ.പി. സമയം വൈകുന്നേരം നാല് മണിവരെ നീട്ടുന്നു. ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണിവരെയും മറ്റ് ദിവസങ്ങളിൽ വൈകുന്നേരം നാല് മണിവരെയും ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
ഫാമിലി ഹെൽത്ത് സെൻററായി ഉയർത്തപ്പെട്ട സ്ഥാപനത്തിലെ ഡോക്ടർമാരുടെ കുറവ് പരിഹരിച്ചതാണ് ഒ.പി പ്രവർത്തന സമയം വൈകുന്നേരം വരെ നീട്ടുന്നതിനുള്ള നടപടി സ്വീകരിച്ചത്. നേരത്തെ രണ്ട് പേർ മാത്രമായിരുന്നതിനാൽ ഉച്ചവരെ മാത്രമാണ് ഒ.പി പ്രവർത്തിച്ചിരുന്നത്.
സ്ഥാപനത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ വിരമിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായിരുന്നു. തുടർന്ന് പഞ്ചായത്തിൻ്റെ ഇടപെടലിലും ദേശീയ ആരോഗ്യ പ്രവർത്തനത്തിൻ്റെ (എൻ.എച്ച്.എം.) സഹകരണത്തോടെ പുതിയൊരു ഡോക്ടറെ ലഭ്യമാക്കിയതായി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. പ്രകാശൻ പറഞ്ഞു. നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവന സ്ഥാപനത്തിൽ ലഭ്യമാണ്.
മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പായതോടെയാണ് ഒ.പി സമയം വൈകുന്നേരം നാല് മണിവരെ നീട്ടാൻ സാധിച്ചതെന്നും, ഭാവിയിൽ വൈകുന്നേരം ആറുമണി വരെ ഒ.പി പ്രവർത്തനം തുടരുകയാണ് പഞ്ചായത്തിൻ്റെ ലക്ഷ്യമെന്നും വി. പ്രകാശൻ വ്യക്തമാക്കി.
എന്നാൽ ഇതിനായി ഒരു സ്റ്റാഫ് നഴ്‌സിൻ്റെ അധിക സേവനം കൂടി ആവശ്യമാണ്. നിലവിൽ പഞ്ചായത്ത് സ്വന്തം സാമ്പത്തിക ശേഷിക്കനുസരിച്ച് ഡോക്ടറെയും ഒരു സ്റ്റാഫ് നഴ്സിനെയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്തിൻ്റെ സാമ്പത്തിക പരിമിതികൾ അധികമായി മറ്റൊരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ എൻ.എച്ച്.എമ്മിനോട് ഒരു സ്റ്റാഫ് നഴ്സിനെ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. അധിക സ്റ്റാഫ് നഴ്സിനെ ലഭ്യമാക്കാൻ കഴിഞ്ഞാൽ ഫാമിലി ഹെൽത്ത് സെൻററിലെ ഒ.പി. പ്രവർത്തനം വൈകുന്നേരം ആറുമണി വരെ നീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രകാശൻ വ്യക്തമാക്കി.
What's Your Reaction?